സാധാരണക്കാരന് കൈത്താങ്ങ്; പിന്നോക്ക ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍; ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ്

തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ജനകീയമെന്ന കാര്യത്തില്‍ എതിരഭിപ്രായത്തിന് സാധ്യത കുറവാണ്. സാധാരണക്കാരന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ വസ്തുക്കള്‍ക്ക് കാര്യമായ നികുതി വര്‍ധനയില്ല. അതേസമയം ആഡംബര വസ്തുക്കള്‍ക്കും ഫാസ്റ്റ് ഫുഡിനുമും നികുതി വലിയ വര്‍ധന തന്നെയുണ്ടായി. നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദേര്‍ഘ്യം കൂടിയ ബജറ്റായിരുന്നിത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആണ് ഇക്കാര്യത്തില്‍ ഐസക്ക് മറികടന്നത്. രണ്ട് മണിക്കൂറും 57 മിനിട്ടും നീണ്ടുനിന്നതായിരുന്നു ഐസക്ക് അവതരിപ്പിച്ച, പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രഥമ ബജറ്റ്. ഐസക്കിന്റെ ഏഴാം ബജറ്റ് കൂടിയായിരുന്നു ഇന്നത്തേത്. ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷിക രംഗം, ശുചിത്വം, ഊര്‍ജം ഉള്‍പ്പെടെ സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടിയും പ്രത്യേക പദ്ധതികള്‍ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ഭിന്നലിംഗക്കാര്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ബജറ്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെങ്കിലും തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞുവെന്ന് തോമസ് ഐസക് പറഞ്ഞു.
6302 കോടിയുടെ അടിയന്തര ബാധ്യതകള്‍ സംസ്ഥാനത്തിന് കൊടുത്തു തീര്‍ക്കേണ്ടതുണ്ടെന്ന് ബജറ്റിന്റെ തുടക്കത്തില്‍ മന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും കൊടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തിന് ബാധ്യതകള്‍ ഉണ്ടാക്കിവെച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. 24000 കോടിയുടെ നികുതി പിരിക്കാതിരുന്നത് പ്രതിസന്ധിക്കിടയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന രണ്ട് വര്‍ഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളും ഉണ്ടാകില്ല. ഇത് സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ചിരിക്കുന്ന നിരവധി ഉദ്യോഗാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ഓണത്തിന് മുന്‍പ് നല്‍കുമെന്നു പറഞ്ഞ മന്ത്രി പെന്‍ഷന്‍ കുടിശ്ശിക ഓണത്തിന് മുന്‍പ് കൊടുത്തു തീര്‍ക്കുമെന്നും വ്യക്തമാക്കി. വിപുലമായ നിക്ഷേപപദ്ധതിയും മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമാക്കും. കടം നല്‍കുന്നവര്‍ക്ക് വിശ്വാസം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടപ്പാക്കുമെന്നുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ നികുതി ചോര്‍ച്ച തടയാനുള്ള മികച്ച നിര്‍ദ്ദേശങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമെന്നോണം മുനിസിപ്പല്‍ വേസ്റ്റ് ടാക്‌സ് ഉപേക്ഷിച്ചു. സംസ്ഥാനത്തേക്കുള്ള വെളിച്ചെണ്ണയ്ക്ക് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇതിലൂടെ ലഭിക്കുന്ന വരുമാനം നാളികേര സംഭരണത്തിന് ഉപയോഗിക്കും. തുണിത്തരങ്ങള്‍ക്കുള്ള നികുതി രണ്ടു ശതമാനമാക്കി വര്‍ധിപ്പിച്ചു. പാക്കറ്റ് ഗോതമ്പിന് അഞ്ചു ശതമാനവും അലക്കു സോപ്പുകളുടെ നികുതി അഞ്ചു ശതമാനവും ബര്‍ഗര്‍, പിസ്സ, പാസ്ത തുടങ്ങിയ ഫാസ്റ്റ് ഫുഡ്ഡുകളുടെ നികുതി 14 ശതമാനമായും ഉയര്‍ത്തി. പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകള്‍, പ്ലേറ്റുകള്‍ എന്നിവയുടെ നികുതി 20 ശതമാനമാക്കി വര്‍ധിപ്പിച്ചു. ബസുമതി അരിക്ക് നികുതി വര്‍ധിപ്പിച്ചു. അതേസമയം, തെര്‍മോകോള്‍ പ്ലേറ്റുകള്‍, സിനിമ ടിക്കറ്റ്, സ്‌ക്രാപ്പ് ബാറ്ററികള്‍ എന്നിവയ്ക്ക് വില കുറയും. ഹോട്ടല്‍ മുറികളുടെ വാടകയിനത്തിലും നികുതിയിളവിന് നിര്‍ദ്ദേശമുണ്ട്.

© 2024 Live Kerala News. All Rights Reserved.