രണ്ടാനച്ഛന്റെ ക്രൂരത ഇങ്ങനെ; ഒമ്പതുവയസ്സുകാരന്റെ രണ്ടു കൈയും തിരിച്ചൊടിച്ചു;മൂന്നുതവണ എടുത്തെറിഞ്ഞു; സഹോദരിക്കും മര്‍ദനമേറ്റു

തിരുവനന്തപുരം: വലിയതുറയില്‍ മദ്യപിച്ചെത്തിയ രണ്ടാനച്ഛന്‍ സഹോദരങ്ങളെ ക്രൂരമായി മര്‍ദിച്ചു. ഒമ്പതുവയസ്സുകാരന്റെ രണ്ടു കൈയും തിരിച്ചൊടിക്കുകയും മൂന്നുതവണ എടുത്തെറിയുകയും ചെയ്തു. 11 വയസ്സുള്ള സഹോദരിക്കും മര്‍ദനമേറ്റു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടികളെ രക്ഷിച്ചത്. വലിയതുറ പൊലീസ് കേസെടുത്തു. പ്രതിയെ ഇതുവരെ പിടികൂടിയില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വലിയതുറയിലുള്ള വര്‍ക്ക്‌ഷോപ്പില്‍ ജോലിചെയ്യുന്ന കണ്ണന്‍ എന്നയാളാണ് കുട്ടിയുടെ രണ്ടാനച്ഛന്‍.

അനുസരണക്കേടു കാട്ടിയിട്ടാണ് കുട്ടിയെ അടിച്ചതെന്ന് മാതാവ് മഞ്ജു പൊലീസിനോടു പറഞ്ഞു. വേദന സഹിക്കാനാകാതെ കുട്ടി അലറിക്കരഞ്ഞിട്ടും അമ്മയും രണ്ടാനച്ഛനും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ല. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പിറ്റേദിവസം വൈകിട്ട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കണ്ണന്റെ വിലക്കു ലംഘിച്ച് മഞ്ജു കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോയിരുന്നു. അന്നാണ് ആക്രമണം നടന്നതെന്ന് കുട്ടിയുടെ സഹോദരി പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.