വിന്‍സന്‍ എം. പോള്‍ മാജിക്കുകാരന്‍, മാണിയെ വിശുദ്ധനാക്കി: വിഎസ്

 

തിരുവനന്തപുരം: വിജിലന്‍സ് ഡിജിപി വിന്‍സന്‍ എം.പോള്‍ മാജിക്കുകാരനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മാണിയെ വിശുദ്ധനാക്കിയത് മാജിക്ക് കൊണ്ടാണെന്നും സഭയില്‍ പറഞ്ഞു.

അതേസമയം, ബാര്‍ കോഴക്കേസില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മാണിക്കെതിരായ കുറ്റപത്രം അട്ടിമറിച്ചുവെന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എസ്.ശര്‍മയാണ് നോട്ടീസ് നല്‍കിയത്. അന്വേഷണ സംഘത്തിനു സ്വതന്ത്രമായി കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന് എസ്. ശര്‍മ ആരോപിച്ചു. നിയമോപദേശം വിലയ്ക്കു വാങ്ങുകയായിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ തലച്ചോറ് മുഖ്യമന്ത്രിയുടേതാണെന്നും പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് ശര്‍മ പറഞ്ഞു.

പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്ന സ്പീക്കര്‍ എന്‍. ശക്തന്റെ പരാമര്‍ശം സഭയില്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. സ്പീക്കറല്ല സര്‍ക്കാരാണ് മറുപടി പറയേണ്ടതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാണിക്കെതിരായ കുറ്റപ്പത്രം രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി അട്ടിമറിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിലെ വസ്തുതകള്‍ സ്പീക്കര്‍ എങ്ങനെ മനസിലാക്കി. ഡയറക്ടര്‍ ഇക്കാര്യങ്ങള്‍ സ്പീക്കറെ നേരിട്ട് അറിയിച്ചെങ്കില്‍ രേഖകള്‍ സഭയില്‍ വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.