കോട്ടയം: ബാര്‍ കോഴക്കേസില്‍ മൊഴി മാറ്റാന്‍ ബാറുടമകള്‍ പണം വാങ്ങിയെന്ന് വ്യവസായി വി.എം രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ബാര്‍ അസോസിയേഷനിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ രജിസ്ട്രാര്‍ മുന്‍പാകെയുളള പരാതിയിലാണ് രാധാകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ലീഗല്‍ ഫണ്ടെന്ന പേരില്‍ ഓരോ ബാറുടമകളുടെയും കൈയില്‍ നിന്നും രണ്ടരലക്ഷം രൂപ വീതമാണ് പിരിച്ചെടുത്തത്. ഈ തുകയാണ് ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാര്‍ക്ക് കോഴ കൊടുക്കാന്‍ ഉപയോഗിച്ചത്. പിരിച്ച പണം ദുരുപയോഗിച്ചത് കൂടാതെ അസോസിയേഷനിലെ വ്യക്തികള്‍ ആനുകൂല്യങ്ങളും കൈപ്പറ്റി. ബാര്‍ അസോസിയേഷന്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് കൃത്യമായി സമര്‍പ്പിച്ചിട്ടില്ലെന്നും വി.എം രാധാകൃഷ്ണന്‍ മൊഴി നല്‍കി. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബാറുടമകള്‍ മൊഴിമാറ്റിപ്പറയാന്‍ പണം വാങ്ങിയെന്നും ആരോപിച്ച രാധാകൃഷ്ണന്‍ ഇതിന്റെ തെളിവുകളും രജിസ്ട്രാര്‍ മുന്‍പാകെ സമര്‍പ്പിച്ചു.