അരുവിക്കര വിധിയെഴുതി;ഇനി ഒരു ദിവസത്തെ കാത്തിരിപ്പ്

ശക്തമായ ത്രികോണമത്സരം നടന്ന അരുവിക്കരയിലെ ജനവിധി അറിയാനിനി ഒരു ദിവസത്തെ കാത്തിരിപ്പ്. കനത്ത മഴയെയും അവഗണിച്ച് അരുവിക്കരക്കാര്‍ ഇന്നലെ പോളിംഗ് ബൂത്തിലേക്ക് ഒഴുകിയപ്പോള്‍ 77.35 എന്ന ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ട് ശതമാനം കൂടിയത് അനുകൂലമാണെന്നാണ് ഇരുമുന്നണികളുടെയും ബിജെപിയുടെയും അവകാശവാദം. 1987 ലെ 77.3 എന്ന റെക്കോര്‍ഡാണ് അരുവിക്കരയായായി മാറിയ പഴയ ആര്യനാട് മണ്ഡലം ഇത്തവണ മറി കടന്നിരിക്കുന്നത്. 2011 നേക്കാള്‍7.14 ശതമാനത്തിന്റെ വര്‍ദ്ധന . എല്ലാ പഞ്ചായത്തുകളിലും 70 ശതമാനത്തിനുമേല്‍ പോള്‍ ചെയ്തു. എട്ടില്‍ ഏഴ് പഞ്ചായത്തുകളിലും പോളിംഗ് ശതമാനം 75 കടന്നു. കൂടുതല്‍ വോട്ടര്‍മാരെ ബൂത്തിലേക്ക് എത്തിച്ചതിന്റെ ആത്മവിശ്വാസത്തിലുള്ള മുന്നണികളും ബിജെപിയും അവസാന വട്ട കണക്ക് കൂട്ടലിലാണ്. 30 ന് തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജിലാണ് വോട്ടെണ്ണല്‍. എതിര്‍ചേരിയുടെ ശക്തി കേന്ദ്രങ്ങളിലെ ഉയര്‍ന്ന പോളിങ് ശതമാനം പോലും തങ്ങളുടെ സാധ്യതയെ ഒട്ടു മങ്ങലേല്‍ പ്പിക്കുന്നതായി എല്‍ഡിഎഫും യുഡിഎഫും കണക്കാക്കുന്നില്ല. വോട്ട് ചോര്‍ത്താനായെന്ന് ബിജെപിയും കണക്കാക്കുന്നു. മുന്‍കാല വോട്ടിങ് രീതി കണക്കിലെടുത്താല്‍ ഇരു മുന്നണികളുടെയും അടിസ്ഥാന രാഷ്ട്രീയ വോട്ട് നാല്‍പതിനായിരം വീതമാണ്. ബിജെപി പരമാവധി നേടിയത് 15,000 ത്തോളം വോട്ടും . ഒരു ലക്ഷത്തിന് നാല്‍പത്തിരണ്ടായിരത്തോളം വോട്ടുകള് ! പെട്ടിയിലായ ഉപതിരഞ്ഞെടുപ്പില്‍ ചെറുപാര്‍ട്ടികള്‍ പിടിച്ച വോട്ടു പോലും നിര്‍ണായകമാണ്. കനത്ത മഴയിലും അരുവിക്കര കവിഞ്ഞ വോട്ടിങ് പ്രളയം അടിയൊഴുക്കിന്റെ സൂചനയാണോയെന്ന ചോദ്യമാണ് വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഉപതിരഞ്ഞെടുപ്പിനെ ആവേശകരമാക്കുന്നത്.

© 2024 Live Kerala News. All Rights Reserved.