പിണറായി, ഇനി കേരളത്തിന്റെ അമരക്കാരന്‍; തീഷ്ണമായ പോരാട്ട വഴികളില്‍ കാലിടറാത്ത സഖാവ്

കണ്ണൂര്‍: പാര്‍ട്ടിയും സഖാവും ജനിച്ച നാട്ടില്‍ നിന്നും അനന്തപുരിയുടെ ജനപഥത്തില്‍ ഇനി പിണറായിയുടെ വിജയഗാഥ. പാര്‍ട്ടിക്ക് അകത്തും പുറത്തും നിരവധി എതിര്‍പ്പിന്റെ സ്വരങ്ങള്‍ ഉയര്‍ന്നിട്ടും തളരാത്ത വീര്യത്തോടെയാണ് പിണറായി വിജയം നേടിയത്. 1944 മാര്‍ച്ച് 21 നാണ് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ചെത്തു തൊഴിലാളി മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയ മകനായി വിജയന്‍ ജനിച്ചത്. വിജയന്റെ പ്രാഥമിക വിദ്യാഭ്യാസം ചേരിക്കല്‍ ബേസിക് എല്‍പി സ്‌കൂളിലും ആര്‍സി അമല ബേസിക് യുപി സ്‌കൂളിലുമായിരുന്നു. ഗാന്ധിയന്‍ തത്വങ്ങളെ അടിസ്ഥാനമാക്കിയ ബേസിക് സ്‌കൂളുകള്‍ അന്നേ വിജയന്റെ മനസില്‍ കമ്യൂണിസ്റ്റിനെ രൂപപ്പെടുത്തിയിരിക്കണം. 1961ല്‍ പെരളശ്ശേരി ഹൈസ്‌കൂളില്‍ നിന്നു പതിനൊന്നാം ക്ലാസ് മികച്ച നിലയില്‍ പാസായെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു കാരണം കോളേജില്‍ ചേരാന്‍ പറ്റിയില്ല. ഒരു വര്‍ഷത്തിനു ശേഷമാണ് ബ്രണ്ണന്‍ കോളേജില്‍ ചേരുന്നത്. അക്കൊല്ലം നെയ്ത്തു ജോലി ചെയ്ത് കോളേജ് പഠനത്തിനു വേണ്ട പണമുണ്ടാക്കി വിജയന്‍.

നാട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹരിക്കാനും വിജയന്‍ അപ്പോള്‍ തന്നെ ശ്രമിച്ചിരുന്നു. ആ കാലക്ക് തന്നെ നാട്ടിലെ മുഖ്യസ്ഥന്‍ എന്നു ചിലരെങ്കിലും വിജയനെ വിളിച്ചിരുന്നു. 1970ല്‍, തന്റെ ഇരുപത്തിയാറാം വയസ്സില്‍ കൂത്തുപറമ്പില്‍ നിന്നാണു പിണറായി വിജയന്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. 77ലും 91ലും കൂത്തുപറമ്പില്‍ നിന്നു തന്നെ വിജയം ആവര്‍ത്തിച്ചു. 1996ല്‍ പയ്യന്നൂരില്‍ നിന്നു വീണ്ടും നിയമസഭയിലെത്തിയ പിണറായി സഹകരണ വൈദ്യുതി മന്ത്രിയായി. രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമേ ആ സ്ഥാനത്തിരുന്നുള്ളുവെങ്കിലും ഉത്തരമലബാറിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും തലശ്ശേരിയില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനും അദ്ദേഹത്തിനു സാധിച്ചു. സഹകരണ വൈദ്യുതി മന്ത്രിയായ കാലത്താണ് വിവാദമായ ലാവലിന്‍ വിഷയം ഉയര്‍ന്ന് വന്നത്. പിന്നീട് അധികാര രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നിന്ന് പിണറായി പാര്‍ട്ടി സംവിധാനത്തിന്റെ വ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1986ല്‍ ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1988ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 1998ല്‍ ചടയന്‍ ഗോവിന്ദന്‍ നിര്യാതനായപ്പോള്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തി. നേതൃപാടവത്തിനു തെളിവായി, 17 കൊല്ലം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നു. നിലവില്‍ പിണറായി വിജയന്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമാണ്. കേരള ജനത കാത്തിരിക്കുന്നു പിണറായിലൂടെ എല്‍ഡിഎഫ് മുന്നോട്ട് വെച്ച് എല്ലാം ശരിയാകുന്ന നല്ല നാളേക്കായി…

© 2024 Live Kerala News. All Rights Reserved.