കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായുള്ള കെടാവിളക്ക് പൊലീസ് അടിച്ചു തകര്‍ത്തും;സമീപവാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

തൃശ്ശൂര്‍ : അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച കെടാവിളക്ക് പൊലീസ് അടിച്ചു തകര്‍ത്തു. രണ്ടര വര്‍ഷത്തോളമായി ചാലക്കുടിയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ‘കലാഭവന്‍ മണി സേവന സമിതി ചാരിറ്റബിള്‍ സൊസൈറ്റി’യുടെ നേതൃത്വത്തില്‍ സ്ഥാപിച്ച കെടാവിളക്കാണ് കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് പൊലീസ് അടിച്ചു തകര്‍ത്തത്.കലാഭവന്‍ മണിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സമിതി മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. റോഡപകടങ്ങളില്‍പ്പെട്ട് കഴിയുന്നവര്‍ക്കും മറ്റ് സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചു വരുന്നവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സമിതി പ്രദേശവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നു. മണിയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനായി അടുത്തിടെയാണ് ഇവിടെ കെടാവിളക്ക് സ്ഥാപിച്ചത്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് കെടാവിളക്ക് തിരി കൊളുത്തി ഉദ്ഘാടനം ചെയ്തത്.
ഒരു സമീപവാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെടാവിളക്ക് തകര്‍ത്തത്. കെടാവിളക്ക് മാറ്റി സ്ഥാപിക്കണമെന്ന് പരാതിക്കാരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സാവകാശം ചോദിച്ചിരുന്നതായി സമിതി അംഗങ്ങള്‍ പറയുന്നു. എന്നാല്‍ അത് അനുവദിക്കാതെ കെടാവിളക്കും അന്നദാനത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും സഹിതം അടിച്ചുടച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സമിതി അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു.

© 2024 Live Kerala News. All Rights Reserved.