കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത; വിഷാംശം അകത്ത് ചെന്നതായി സ്ഥിരീകരണം; പോസ്റ്റ്‌മോര്‍ട്ടം നടക്കും

തൃശൂര്‍: ഇന്നലെ അന്തരിച്ച പ്രശസ്ത ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത. മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ ചേരാനെല്ലൂര്‍ പൊലീസില്‍ അറിയിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം മണിയുടെ മൃതദേഹം തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ രാവിലെ 11.30മുതല്‍ 12 മണി വരെയും, തുടര്‍ന്ന് ചാലക്കുടി നഗരസഭയില്‍ മൂന്നുമണി വരെയും പൊതുദര്‍ശനത്തിന് വെക്കും.് സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

രണ്ടുദിവസം മുന്‍പാണ് കരള്‍രോഗബാധിതനായ കലാഭവന്‍മണിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെ അതീവ ഗുരുതരാവസ്ഥയിലായ കലാഭവന്‍ മണി രാത്രി 7.15ഓടെയാണ് മരണമടഞ്ഞത്. മദ്യത്തിനൊപ്പം മെഥനോള്‍ കലര്‍ന്നതാണ് മരണത്തിനു കാരണമായതെന്നാണ് ഡോക്റ്റര്‍മാരുടെ സംശയം. തുടര്‍ന്ന് മണിയുടെ സഹോദരന്റെ ആവശ്യപ്രകാരം ചാലക്കുടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ശരീരത്തില്‍ വിഷാംശം കലര്‍ന്നതിനെ തുടര്‍ന്നാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും, ഫോറന്‍സിക് പരിശോധന ഫലവും ലഭിച്ചശേഷം മാത്രമെ അസ്വാഭാവിക മരണത്തെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാനാകു എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഡിവൈഎസ്പി കെ.എസ് സുദര്‍ശനനാണ് അന്വേഷണത്തിന്റെ ചുമതല. എക്‌സൈസ് അധികൃതരും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.