യുഡിഎഫ് കേരളത്തിലെ സമൂഹിക അന്തരീക്ഷത്തെ മലീമസമാക്കി; അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുന്നു; ശുദ്ധീകരണപ്രക്രിയയാണ് ഈ തിരഞ്ഞെടുപ്പെന്നും വി എസ്

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയാന്തരീക്ഷം മലീമസമാക്കിയെന്നും അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുകയാണെന്നും കേരളത്തെ ശുദ്ധീകരിക്കാനുള്ള പ്രക്രിയയാണ് ഈ തെരഞ്ഞെടുപ്പെന്നും പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍. വി. എസ് അന്തം വിട്ടാല്‍ പ്രതി എന്തും ചെയ്യും എന്ന് പറഞ്ഞതുപോലുള്ള അവസ്ഥയിലാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയെന്ന് കുറ്റപ്പെടുത്തി. സ്വാതന്ത്ര്യാനന്തരം ആന്ധ്രാ പ്രദേശിലെ കോണ്‍ഗ്രസ് നേതാവായിരുന്ന ദേശഭക്ത കൊണ്ട വെങ്കിടപ്പയ ഗാരു സ്വാതന്ത്ര്യാനന്തരമുള്ള കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തെ കുറിച്ച് മഹാത്മാ ഗാന്ധിക്ക് എഴുതിയ കത്തിലെ ചില ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വി.എസ് ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. വെള്ളക്കാരില്‍ നിന്ന് രാഷ്ട്രീയ അധികാരം ലഭിച്ച് ഏതാനും മാസങ്ങള്‍ക്കകമുള്ള അവസ്ഥയാണ് വെങ്കിടപ്പയ കത്തില്‍ സൂചിപ്പിച്ചിരുന്നതെന്നും യുഡിഎഫ് മലീമസമാക്കിയ കേരളത്തിലെ സാഹചര്യവും ഇതില്‍ നിന്ന് വ്യത്യസ്തമല്ലെന്നും ഇത്തരം സാഹചര്യങ്ങളെ വിലയിരുത്തിയാണ് കോണ്‍ഗ്രസ് പിരിച്ചു വിടണമെന്ന് ഗാന്ധിജി നിര്‍ദ്ദേശിച്ചതെന്നും വി.എസ് ചൂണ്ടിക്കാട്ടുന്നു. വോട്ടെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കെ വിഎസിന്റെ പ്രസ്താവനകള്‍ക്കും എഫ്ബി പോസ്റ്റിനുമൊക്കെയാണ് മാധ്യമങ്ങളും നവമാധ്യമങ്ങളും പ്രാധാന്യം നല്‍കുന്നത്.

© 2024 Live Kerala News. All Rights Reserved.