സ്വന്തം അമ്മയുടെ കയ്യില്‍ ചാപ്പ കുത്തിയ ആളാണ് മോദി;നോട്ട് നിരോധിച്ച പ്രധാനമന്ത്രിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് വിഎസ്

തിരുവനന്തപുരം: നോട്ട് നിരോധിച്ച പ്രധാനമന്ത്രിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍്. സ്വന്തം അമ്മയുടെ കയ്യില്‍ ചാപ്പ കുത്തിയ ആളാണ് മോദി. 95 വയസ് കഴിഞ്ഞ അമ്മയെ പോലും ക്യുവില്‍ കൊണ്ടുപോയി നിര്‍ത്തിയ മോദിക്ക് അദ്ദേഹത്തിന്റെ അമ്മയുടെ ശാപത്തില്‍ നിന്നുപോലും രക്ഷപ്പെടാനാവില്ലെന്നും വി.എസ് പറഞ്ഞു.അദ്ദേഹം ഉലകംചുറ്റും വാലിബനാണ്. സാധാരണക്കാരന്റെ വയറ്റത്തടിച്ച് കുഴലൂതുമ്പോള്‍ സാധാരണക്കാരന്‍ അവന്‍ അധ്വാനിച്ച പണത്തിനായി ക്യൂ നില്‍ക്കുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡി നടപ്പിലാക്കിയ നോട്ട് നിരോധനം എട്ടാംദിവസത്തിലേക്ക് കടക്കുമ്പോഴും രാജ്യമെങ്ങും ജനങ്ങള്‍ നോട്ടിനായി എടിഎമ്മുകളിലേക്കും ബാങ്കുകളിലേക്കും ഓട്ടം തുടരുകയാണ്. ഇത് കൂടാതെ സ്വന്തം ബ്രാഞ്ചൊഴിച്ച് ബാക്കിയുളള ബാങ്കില്‍ നിന്നും നോട്ടുകള്‍ മാറ്റിവാങ്ങുമ്പോല്‍ കൈയില്‍ മഷി പുരട്ടാനും ഇന്നലെ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. പ്രതിപക്ഷ കക്ഷികളുമായുള്ള ആശയ വിനിമയം തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നടപടികള്‍ക്ക് പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യമാണ്. രാജ്യത്തിന്റെ നന്‍മ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ നടപടികള്‍. ശീതകാല സമ്മേളനത്തില്‍ വളരെ ഗുണകരമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു. അതിനിടെ, നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കെതിരെ പാര്‍ലമെന്റ് സമുച്ചയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

© 2024 Live Kerala News. All Rights Reserved.