കാത്തിരുന്ന് കാണാം; ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിയമപോരാട്ടം തുടരും; കീഴ്‌ക്കോടതിയെ സമീപിക്കുമെന്നും വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിയമ പോരാട്ടം തുടരുമെന്നും സുപ്രീംകോടകൃതിയുടെ നിര്‍ദേശാനുസരണം കീഴ് കോടതിയെ സമീപിക്കുമെന്നും വിഎസ് അച്യുതാനന്ദന്‍. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് താന്‍ കോടതിയില്‍ പോയതെന്നും തന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി വിലയിരുത്തേണ്ടിയിരുന്നില്ലെന്നും വിഎസ് പ്രതികരിച്ചു. എല്ലാം കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കൈകൊണ്ട നിലപാടിനെ ചോദ്യം ചെയ്ത് വിഎസ് അച്യുതാനന്ദന്‍ രംഗത്ത് എത്തിയിരുന്നു. വിഎസ് അച്യുതാനന്ദന്‍ കേസിനെ രാഷ്ട്രീയമായി കാണുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ.കെ.കെ വേണുഗോപാല്‍ കോടതിയില്‍ അറിയിച്ചിരുന്നത്. അദ്ദേഹത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹര്‍ജി തള്ളിക്കളയണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.വിഎസിന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും കോടതി രാഷ്ട്രീയപോരിന് വേദിയാക്കരുതെന്നും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ എ.എം.കാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ആണ് വിഎസിന്റെ ഹര്‍ജി പരിഗണിച്ചത്.

© 2024 Live Kerala News. All Rights Reserved.