നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല; അന്വേഷണം നിലച്ചു; അന്വേഷണസംഘത്തിന് നിരാശ

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കാനുള്ള പൊലീസ് ശ്രമം പരാജയം. അന്വേഷണം പൂര്‍ണ്ണമായും നിലച്ച അവസ്ഥയാണ്. മണിയുടെ ശരീരത്തിലുണ്ടായിരുന്ന മെഥനോളിന്റെയും കീടനാശിനിയുടെയും അംശം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. മണിയുടെ മരണം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും മരണത്തിലെ ദുരൂഹത തുടരുകയാണ്. കാക്കനാട് ലാബിലെ ആന്തരികാവയവ പരിശോധനയില്‍ കണ്ടെത്തിയ മെഥനോളിന്റെയും ക്ലോറോ പെറിഫോസിന്റെയും സാന്നിധ്യത്തിന്റെ അളവ് സംബന്ധിച്ച് ഇനിയും നിഗമനമായില്ല. ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബിലെ പരിശോധനാഫലം ലഭ്യമായിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇത് വേഗത്തില്‍ ലഭ്യമാക്കാനുള്ള ഇടപെടല്‍ ആഭ്യന്തരവകുപ്പില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ ആണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ പോലീസിന് കഴിയാത്തത്. അതേസയം മണിയുടെ മരണം ആത്മഹത്യയല്ലെന്ന ഉറച്ചനിലപാടിലാണ് ബന്ധുക്കള്‍.

© 2024 Live Kerala News. All Rights Reserved.