കോട്ടയം: ചില സുഹൃത്തുക്കള്‍ മദ്യം നല്‍കി അബോധവസ്ഥയിലാക്കിയ ശേഷം പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് കലാഭവന്‍ മണി മരിച്ചതെന്ന് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആരോപിച്ചു. കോട്ടയത്തെ ‘തന്‍മ’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാമകൃഷ്ണന്റെ ആരോപണം. ”ഒരു സിനിമയിലേക്കും വിടാതെ ആറു മാസക്കാലം പാടിയില്‍ നായയെ പോലെ കെട്ടിയിട്ട് മദ്യം കൊടുത്ത് മയക്കി സ്റ്റേജില്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു സുഹൃത്ത് സംഘം. സ്റ്റേജ് പ്രോഗ്രാമിന് ലക്ഷങ്ങളാണ് പ്രതിഫലം. മൂന്ന് ലക്ഷമാണ് പ്രതിഫലം പറഞ്ഞതെങ്കില്‍ ഒരു ലക്ഷം കൂട്ടിപ്പറഞ്ഞ് കമ്മീഷന്‍ പറ്റുന്നവരാണവര്‍. അവര്‍ ആരൊക്കെയാണെന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.” രാമകൃഷ്ണന്‍ പറഞ്ഞു. ചേട്ടന്റെ മരണം ആത്മഹത്യയോ സ്വാഭാവിക മരണമോ അല്ല. ഒരു തരത്തില്‍ കൊലപാതകം, അതല്ലെങ്കില്‍ കൊല്ലാകൊല. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുന്നുണ്ട്. സത്യം പുറത്തു വരാതിരിക്കില്ല. മരണ സമയത്ത് ചേട്ടനോടൊപ്പമുള്ളവരെ ചോദ്യം ചെയ്തിട്ടുണ്ട്. അവര്‍ പരസ്പര വിരുദ്ധമായാണ് മൊഴി നല്‍കിയതെന്നാണ് അറിയുന്നതെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ”മദ്യം കഴിക്കാന്‍ പാടില്ലാത്ത ഒരാള്‍ക്ക് കൂടെ നിന്നവര്‍ വെളുപ്പിന് അഞ്ചു മണി മുതല്‍ മദ്യം നല്‍കി കൊണ്ടിരുന്നു. അത് ഒരു ശരിയായ നടപടിയല്ല. ചേട്ടന്‍ മദ്യം കഴിക്കുന്ന ആളാണെങ്കില്‍ പോലും സുഖമില്ലാത്ത അവസ്ഥയില്‍ മദ്യം കുടിപ്പിക്കുന്നത് ശരിയാണോ? സുബോധമുള്ളവര്‍ അങ്ങിനെയാണോ ചെയ്യേണ്ടത്? അവരെന്താണ് ഒരു കലാകാരനെ, അതിലുപരി ഒരു മനുഷ്യജീവനെ രക്ഷപ്പെടുത്താന്‍ ശ്രദ്ധിക്കാതിരുന്നത്? രോഗമുള്ള ആള്‍ക്ക് ഗുളിക കൊടുക്കുന്നതോടൊപ്പം മദ്യവും ഒഴിച്ചുകൊടുക്കുകയാണുണ്ടായത്. രോഗകാരണം അറിഞ്ഞിട്ടും മദ്യം നല്‍കി ചേട്ടനെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഡോക്ടര്‍ സുമേഷാണ് സെഡേഷന്‍ നല്‍കിയത്. ആരോടും അനുവാദം ചോദിക്കാതെ സ്വകാര്യമായി സെഡേഷന്‍ നല്‍കിയത് ശരിയായില്ല. ഇത്രയും സീരിയസായ രോഗാവസ്ഥയില്‍ സംഭ്രമം തുടങ്ങിയത് മുതല്‍ വൈകുന്നേരം വരെ ബന്ധുക്കളെ അറിയിച്ചിട്ടില്ല. ആരുടെയോ നിര്‍ബന്ധപ്രകാരം പാടി വൃത്തിയാക്കി. ചേട്ടന്റെ കൂടെ മുഴുവന്‍ സമയവും കൂടെയുണ്ടാവുന്നയാളാണ് മാനേജര്‍. ചേട്ടന്റെ ശമ്പളം പറ്റുന്ന ആ വ്യക്തി എന്ത്കൊണ്ട് മൗനം അവലംബിക്കുന്നു. സന്തതസഹചാരിയായ മാനേജര്‍ ജോബി, ഡോ. സുമേഷ്, സുഹൃത്തുക്കളായ അരുണ്‍, വിപിന്‍ പീറ്റര്‍, മുരുകന്‍, ജോജി ഇവരെയൊക്കെ ഞങ്ങള്‍ സംശയിക്കുന്നുണ്ട്. ഇവരില്‍ സ്വാധീനമുള്ള മൂന്നു പേര്‍ രക്ഷപ്പെട്ട് നടക്കുകയാണ്.” രാമകൃഷ്ണന്റെ സുധീര്‍ഘമായ അഭിമുഖത്തില്‍ ആരോപിക്കുന്നു. ഇപ്പോള്‍ ചില മാധ്യമങ്ങളില്‍ വരുന്നതൊന്നും ഞങ്ങള്‍ ശ്രദ്ധിക്കുന്നില്ല. കലാഭവന്‍ മണിയുടെ മരണവാര്‍ത്ത വന്ന ശേഷം ചാനലുകള്‍ ചേട്ടന്റെ പ്രോഗ്രാമുകള്‍ കാണിച്ചും ചേട്ടന്‍ അഭിനയിച്ച സിനിമകള്‍ ഹൈലൈറ്റ് ചെയ്തും ചാനലിന്റെ റേറ്റിങ് കൂട്ടുകയാണ്. രാമകൃഷ്ണന്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.