തൃശൂര്‍: പ്രമുഖ നടന്‍ കലാഭവന്‍ മണി മരിച്ചതു ക്ലോര്‍പൈറിഫോസ് കീടനാശിനി അകത്തുചെന്നതുകൊണ്ടാണെന്നും കരള്‍രോഗമല്ല മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട. രാസപരിശോധനയ്ക്കുശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. മണിക്കുണ്ടായിരുന്ന കരള്‍രോഗം മരണം വേഗത്തിലാകാന്‍ കാരണമായിട്ടുണ്ടെന്നും എന്നാല്‍ കരള്‍രോഗം മരണകാരണമായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മണിയെ ചികിത്സിച്ച കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പരിശോധനയില്‍ രാസവസ്തു സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാല്‍, ഇതു കണ്ടെത്താന്‍ കൂടുതല്‍ വിദഗ്ധമായ പരിശോധന വേണമെന്ന് അമൃതയിലെ ലാബ് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ രോഗിയുടെ നില മോശമായതിനാലാകാം അതു നടത്തിയിട്ടില്ല. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധരായ ഡോ. പി.എ. ഷിജു, ഡോ. ഷേക്ക് സക്കീര്‍ ഹുസൈന്‍ എന്നിവരാണു പൊലീസിന് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. മരണത്തിലേക്കു നയിക്കാനുള്ള പ്രധാന കാരണം കീടനാശിനി തന്നെയാണ്. എന്നാല്‍ ഇതു പച്ചക്കറിയിലൂടെ അകത്തുചെന്നതാണോ അതേ നേരിട്ട് അകത്തെത്തിയതാണോ എന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താനാകില്ല. അതേസമയം പച്ചക്കറിയിലൂടെ അകത്തെത്തുന്ന വിഷാംശം പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താവുന്ന അളവില്‍ രക്തത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നു കാര്‍ഷിക സര്‍വകലാശാലയിലെ പഠന റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് ഈ പഠനറിപ്പോര്‍ട്ടിലെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കും. സംഭവത്തെത്തുടര്‍ന്ന് കീടനാശിനിയെത്തിയതിനെക്കുറിച്ചുള്ള ഊര്‍ജ്ജിത അന്വേഷണത്തിലാണ് പൊലീസ്.