ഗുവാഹത്തി: അസമില്‍ കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയുടെ മൃതദേഹം പാതികത്തിച്ച് പുഴയില്‍ തള്ളി. ടിന്‍സുകിയ ജില്ലയിലെ മാര്‍ഗ്രിറ്റ എന്ന സ്ഥലത്തു നിന്ന് കാണാതായ ചംബാ ചത്രി എന്ന ഇരുപതുകാരിയുടെ മൃതദേഹമാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ നദിയില്‍ നിന്ന് കണ്ടെടുത്തത്. ഏപ്രില്‍ 28നാണ് ചംബയെ കാണാതായത്. ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്ത് വരികയായിരുന്ന പെണ്‍കുട്ടി ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മെയ് 3നാണ് ലാമ ഗോണിന് സമീപത്തെ ദിഹിംഗ് നദിയില്‍ നിന്ന് പാതി കത്തിക്കരിഞ്ഞ ചംബയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം നടത്തിയ ശേഷം മൃതദേഹം കത്തിച്ചുകളയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കത്തിച്ചുകളയാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് പാതികത്തിയ മൃതദേഹം അക്രമികള്‍ പുഴയിലേക്ക് തള്ളിയത്. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്. ബിശ്വജിത്ത് ചേത്രി, മൊയ്‌നുള്‍ അലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് അസമില്‍ നടക്കുന്നത്. നിര്‍ഭയ, ജിഷ കേസുകള്‍ക്ക് തുടര്‍ച്ചയായുണ്ടായ സംഭവത്തില്‍ അന്വേഷണം ശക്തിപ്പെടുത്തണം എന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി.