കേരളത്തില്‍ ബിജെപി മൂന്നാം ശക്തിയായി ഉദിച്ചുയരും; ദളിത് പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും കേരളത്തിലെ സര്‍ക്കാരിന്റെ കണ്ണു തുറന്നിട്ടില്ലെന്ന് മോദി

പാലക്കാട്: കേരളത്തില്‍ മൂന്നാം ശക്തിയായി ബിജെപി നേതൃത്വത്തിലുള്ള മുന്നണി ഉദിച്ചുയരും. അതിന്റെ വ്യക്തമായ തെളിവാണ് ഇവിടെ കൂടിയിരിക്കുന്ന വന്‍ ജനാവലിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രധാനമന്ത്രി വിമര്‍ശിച്ചു. ദളിത് പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും കേരളത്തിലെ സര്‍ക്കാരിന്റെ കണ്ണു തുറന്നിട്ടില്ലെന്ന് മോദി ആരോപിച്ചു. പാലക്കാട് കോട്ടമൈതാനിയില്‍ സംഘടിപ്പിച്ച പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 60 വര്‍ഷം ഇവിടെ ഭരിച്ചവര്‍ സംസ്ഥാനത്തിനായി ഒന്നും ചെയ്തില്ല. എല്‍ഡിഎഫും യുഡിഎഫും പരസ്പരം സഹകരിച്ച് ഭരിക്കുകയാണ്. കേരളത്തെ രക്ഷിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള മൂന്നാം ശക്തിയെ ജയിപ്പിക്കുകയാണ് എറ്റവും ഉചിതമായ മാര്‍ഗമെന്നും മോദി ചൂണ്ടിക്കാട്ടി. ബിജെപിയെ എതിര്‍ക്കാന്‍ കഴിയാത്തതുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണ് എതിരാളികള്‍. കോളജ് പ്രിന്‍സിപ്പലിന് ശവപ്പെട്ടി പണി ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളെ അംഗീകരിക്കാന്‍ സാധിക്കുമോ എന്നും മോദി ചോദിച്ചു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായപ്പോള്‍ യെമനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് രാജ്യത്ത് തിരികെയെത്തിച്ചു. പരവൂര്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് വിദഗ്ധരുടെ സേവനം ലഭ്യമാക്കി. അവസരം ലഭിച്ചപ്പോള്‍ കേരളത്തിന്റെ രണ്ടു പ്രതിനിധികളെ പാര്‍ലമെന്റില്‍ എത്തിച്ചു. ചലച്ചിത്ര താരം സുരേഷ് ഗോപി, റിച്ചാര്‍ഡ് ഗേ എന്നിവര്‍ക്ക് നല്‍കിയ രാജ്യസഭാംഗത്വ കേരളത്തോട് കേന്ദ്ര സര്‍ക്കാരിനുള്ള പരിഗണനയുടെ തെളിവാണെന്നും മോദി അവകാശപ്പെട്ടു. കേരളത്തില്‍ വന്ന് സോളറിനെക്കുറിച്ച് സംസാരിക്കാന്‍ പേടിയാണെന്നും മോദി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ സോളര്‍ ഊര്‍ജം ഉപയോഗിച്ച് ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമ്പോള്‍ ഇവിടെ സോളര്‍ ഉപയോഗിച്ച് മന്ത്രിമാര്‍ കീശ വീര്‍പ്പിക്കുകയാണെന്നും മോദി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.