ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ വെന്തുമരിച്ചു. ശലോനി(17), സഞ്ജന(15), ഭുരി(10),ദുര്‍ഗ്ഗ(8), എന്നീ സഹോദരിമാരും ഇവരുടെ ബന്ധുക്കളായ മഹിമ(9), ദേബു(7) എന്നീ കുട്ടികളുമാണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. കിലാ ചാവ്‌നി ഗ്രാമത്തിലെ കാളിദാം ക്ഷേത്രത്തിന് സമീപത്തുള്ള ഇവരുടെ വീട്ടില്‍ നിന്ന് ഇന്ന് രാവിലെയാണ് അയല്‍വാസികള്‍ തീയും പുകയും ഉയരുന്നത് കണ്ടത്. കുട്ടികളെ രക്ഷിക്കാനായി നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയെങ്കിലും അതിനോടകം മേല്‍ക്കൂര തകര്‍ന്ന് വീണ് എല്ലാവരും മരിച്ചിരുന്നു. രാത്രി കത്തിച്ചുവച്ച മെഴുകുതിരി കെടുത്താന്‍ വീട്ടിലുണ്ടായിരുന്നവര്‍ മറന്നതാവാം അപകടത്തിന് വഴിവച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.