അമൃത് നഗരം പദ്ധതിയില്‍ കേരളത്തില്‍നിന്ന് 17 നഗരങ്ങള്‍; കൊച്ചി സ്‌മാര്‍ട്ടാകും

 

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ സ്മാര്‍ട് സിറ്റി പദ്ധതിക്കു കീഴില്‍ കേരളത്തിന് ഒന്നും അമൃത് പദ്ധതിക്കു കീഴില്‍ 18 നഗരവും സ്ഥാനം പിടിക്കാന്‍ സാധ്യത. സ്മാര്‍ട് സിറ്റി മിഷന്‍, അടല്‍ മിഷന്‍ ഫോര്‍ റിജുവെനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (അമൃത്), ഹൗസിങ് ഫോര്‍ ഓള്‍ (പ്രധാന്‍മന്ത്രി ആവാസ് യോജന പിഎംഎവൈ) തുടങ്ങിയ നാല് ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. പദ്ധതികള്‍ പുറത്തിറക്കുന്നതിനൊപ്പം സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട മന്ത്രിമാര്‍, ചീഫ് സെക്രട്ടറിമാര്‍, മുനിസിപ്പാലിറ്റി അധ്യക്ഷന്‍മാര്‍, മേയര്‍മാര്‍ തുടങ്ങിയവരുമായി രണ്ടു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് നടത്തും. ഇതിനു ശേഷമാകും അന്തിമതീരുമാനം എടുക്കുക.

അവശ്യ അടിസ്ഥാന സൗകര്യവും ശുചിത്വവുമാണ് അമൃത് പദ്ധതി വിഭാവനം ചെയ്യുന്നത്. അതേസമയം, പിഎംഎവൈ ദരിദ്രജനങ്ങള്‍ക്കു ഭവനം ഉറപ്പു നല്‍കുന്നു. രാജ്യമെങ്ങും 100 സ്മാര്‍ട് നഗരങ്ങള്‍ സ്ഥാപിക്കലാണ് സ്മാര്‍ട് സിറ്റി പദ്ധതി. ഉയര്‍ന്ന ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് സേവനങ്ങള്‍, ശുദ്ധമായ പരിസ്ഥിതി തുടങ്ങിയവയാണ് സ്മാര്‍ട് നഗരങ്ങളുടെ മുഖമുദ്ര. ഈ നഗരങ്ങളായിരിക്കും വികസനത്തിന്റെ എന്‍ജിന്‍.

തിരഞ്ഞെടുപ്പുകളില്‍ എത്രതവണ ജയിച്ചെന്നോ തോറ്റെന്നോ രീതിയില്‍ അല്ല വിജയം അളക്കേണ്ടത്. നഗര, ഗ്രാമവാസികളുടെ ജീവിതം എങ്ങനെ പരിവര്‍ത്തിപ്പിച്ചു എന്നതാണ് അളക്കേണ്ടത്, മൂന്നു പദ്ധതികള്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മേഖലയില്‍ ഉപഭോക്താക്കളുടെ സംരക്ഷണമാണ് നാം ഉറപ്പാക്കേണ്ടത്. ആദ്യമായാണ് ഇന്ത്യ ഒരേസമയം 60 നഗരങ്ങള്‍ വികസിപ്പിക്കുന്നത്.

സ്വകാര്യസ്ഥാപനങ്ങളല്ല ഒരു നഗരം എങ്ങനെ വികസിക്കണമെന്നൂ തീരുമാനിക്കുന്നത്. അവിടുത്തെ ജനങ്ങളും നഗരമേധാവികളുമാണ്. രാജ്യത്ത് ഭവനം വാങ്ങിക്കുന്നതിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുള്ള നിയമനിര്‍മാണം നടത്തും. നഗരങ്ങള്‍ക്കിടയില്‍ മല്‍സരബുദ്ധിയുണ്ടാകണം. എങ്കിലെ പുതിയ സ്മാര്‍ട് നഗരങ്ങള്‍ ഉണ്ടാകൂ, മോദി കൂട്ടിച്ചേര്‍ത്തു.

അമൃത് പദ്ധതിക്കായി ഒരു ലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള 500 നഗരങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിലൂടെ ഇവയും സ്മാര്‍ട് നഗരങ്ങളായി വികസിക്കും. സ്മാര്‍ട് നഗരങ്ങളായി രൂപാന്തരപ്പെടുത്താന്‍ ഉത്തര്‍പ്രദേശ് 13 നഗരങ്ങളെയാണ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. തമിഴ്‌നാട് 12, മഹാരാഷ്ട്ര 10, ഗുജറാത്ത്, കര്‍ണാടക ആറ്, ഡല്‍ഹി ഒന്ന്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ നാല്, ബിഹാര്‍, ആന്ധ്രപ്രദേശ്, പഞ്ചാബ് മൂന്ന്, ഒഡീഷ, ഹരിയാന, തെലങ്കാന, ഛത്തിസ്ഗഢ് രണ്ട്, ജമ്മു കശ്മീര്‍, കേരളം, ജാര്‍ഖണ്ഡ്, അസം, ഹിമാചല്‍ പ്രദേശ്, ഗോവ, അരുണാചല്‍, ചണ്ഡിഗഢ് ഒന്ന് എന്നിങ്ങനെയാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ളത്

© 2024 Live Kerala News. All Rights Reserved.