യോഗയ്ക്ക് പിന്നാലെ രക്ഷാബന്ധന്‍ ദിനവും ആഘോഷമാക്കാന്‍ മോദി സര്‍ക്കാര്‍

 

ന്യൂഡല്‍ഹി: യോഗ ദിനാചരണത്തിന് തൊട്ടുപിന്നാലെ രക്ഷാബന്ധന്‍ ദിനവും ഔദ്യോഗിക ആഘോഷമാക്കി മാറ്റാന്‍ മോദി സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. യോഗാ ദിനാചരണം വിജയിച്ചതോടെയാണ് ഇത്തരമൊരു നീക്കമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗം രക്ഷാബന്ധന്‍ വിഷയം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഒരു വിഭാഗം മാത്രം ആചരിച്ചുവരുന്ന രക്ഷാബന്ധന്‍ രാജ്യവ്യാപകമായി ആഘോഷിക്കാനാണ് നീക്കം നടത്തുന്നത്. ഓഗസ്റ്റ് 29 ന് നടക്കുന്ന ആഘോഷങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അനന്ത് കുമാര്‍ എന്നിവരുള്‍പ്പെട്ട നാലംഗ സമിതിയ്ക്ക് പ്രധാനമന്ത്രി രൂപം നല്‍കി.

സാഹോദര്യത്തിന്റെ ആഘോഷമെന്ന് വിളിക്കപ്പെടുന്ന രക്ഷാബന്ധന്‍ രാജ്യവ്യാപകമായി ആഘോഷിക്കുന്നതിലൂടെ ഹിന്ദുസംസ്‌ക്കാരം സംരക്ഷിക്കാനും സമ്പന്നമാക്കാനും കഴിയുമെന്നാണ് കഴിഞ്ഞ വര്‍ഷത്തെ രക്ഷാബന്ധന്‍ ആഘോഷത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന കഴിഞ്ഞ കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും അവരവരുടെ മണ്ഡലങ്ങളില്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

© 2024 Live Kerala News. All Rights Reserved.