ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് ഇന്ത്യയില്‍ നിന്നുള്ള അന്വേഷണസംഘം പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് വിവരം. ഇത്ംബന്ധിച്ച പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ പ്രസ്താവനയിലാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയേക്കുമെന്ന സൂചനയുള്ളത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന പ്രക്രിയ ഇപ്പോള്‍ മരവിപ്പിച്ച നിലയിലാണെന്നാണ് പാക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത് നേരത്തെ പറഞ്ഞത്. ഇന്ത്യ-പാക് ചര്‍ച്ച ഉടന്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സര്‍താജ് അസീസ് പിന്നീട് വ്യക്തമാക്കി. പത്താന്‍കോട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിയെ പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്താന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു സാഹചര്യത്തിന് അവസരമുണ്ടാവുകയും ഇന്ത്യ അത്തരമൊരു അഭ്യര്‍ഥന നടത്തുകയും ചെയ്താല്‍ തങ്ങള്‍ അത് പരിഗണിക്കുമെന്നാണ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സര്‍താജ് അറിയിച്ചത്. പാകിസ്താനിലേക്കുള്ള എന്‍ഐഎ സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് നടത്തിയ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് സര്‍താജ് അസീസ് പറഞ്ഞു. എന്‍ഐഎ സംഘത്തിന്റെ പാക് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബാസിത് ഒന്നും പറഞ്ഞിരുന്നില്ലെന്നും സര്‍താജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല