കശ്മീർ പാക്കിസ്ഥാന് വേണ്ട, എന്നാൽ ഇന്ത്യയ്ക്ക് നൽകുകയുമില്ലെന്ന് ഷെരീഫ് പറഞ്ഞതായി വെളിപ്പെടുത്തൽ

ശ്രീനഗർ : ഇന്ത്യ-കശ്മീർ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി മുതിർന്ന പത്രപ്രവർത്തകൻ കുൽദീപ് നയ്യാർ. കശ്മീർ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തി പാക്കിസ്ഥാൻ കൊണ്ടുപോകില്ല, എന്നാൽ ഇന്ത്യയ്ക്ക് കൊടുക്കുകയുമില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്നോട് പറഞ്ഞതായി കുൽദീപ് നയ്യാർ പറഞ്ഞു. സൗദി അറേബ്യയിലെ ജിദ്ദയിൽ വച്ചു കണ്ടുമുട്ടിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നവാസ് ഷെരീഫുമായി വളരെക്കാലത്തെ സൗദൃദമാണ് തനിക്കുള്ളതെന്നും കുൽദീപ് വ്യക്തമാക്കി. ശ്രീനഗറിൽ മാധ്യമസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധവും ജനങ്ങൾ തമ്മിലുള്ള സമ്പർക്കവും വർധിപ്പിക്കുന്നതിനാണ് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ നവാസ് ഷെരീഫ് ഊന്നൽ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയെയും അദ്ദേഹം കുറ്റപ്പെടുത്തി. മതത്തിന്റെ അടിസ്ഥാനത്തിൽ പുതിയ രാജ്യം രൂപീകരിച്ചത് അദ്ദേഹത്തിന് പറ്റിയ തെറ്റാണെന്നും കുൽദീപ് അഭിപ്രായപ്പെട്ടു.

ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്നും സ്വതന്ത്രമാക്കിയതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ല. അങ്ങനെ ചെയ്താൽ അതു മതേതരത്വത്തെ ദോഷകരമായി ബാധിക്കും. സ്വാതന്ത്ര്യം കിട്ടി 68 വർഷത്തിനു ശേഷവും കശ്മീരി മു‍സ്‍ലിമുകൾ ഇന്ത്യക്കാരല്ല എന്നു ചിലർ പറയുന്നുണ്ട്. കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഭാഗമാണ്. ജമ്മു കശ്മീരിന് കൂടുതൽ സ്വയംഭരണാവകാശം നൽകുക മാത്രമാണ് കശ്മീർ പ്രശ്നത്തിനുള്ള പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.