ലഷ്‌കര്‍ ഇ തൊയിബ അടക്കമുളള ഭീകരസംഘടനകള്‍ക്ക് എതിരെ നടപടിയെന്ന് പാകിസ്താന്‍; ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുത്തണമെന്ന് ഒബാമ-നവാസ് ഷെരീഫ് സംയുക്ത പ്രസ്താവന

വാഷിങ്ടണ്‍; പാകിസ്താനില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്ന ലഷ്‌കര്‍ ഇ തൊയിബ അടക്കമുളള ഭീകരസംഘടനകള്‍ക്ക് എതിരെ നടപടികള്‍ കൈക്കൊള്ളുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നവാസ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന് ഇരുരാജ്യങ്ങളും ചേര്‍ന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന സംയുക്തപ്രസ്താവനയും പുറത്തിറക്കി. ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തിയില്‍ നിരന്തരം ഉണ്ടാകുന്ന പ്രശ്‌നങ്ങളിലും, നിയന്ത്രണ രേഖ ലംഘിച്ചുളള ആക്രമണങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ഇരു രാജ്യങ്ങളും ഒരുപോലെ അംഗീകരിക്കാവുന്ന തീരുമാനങ്ങള്‍ കൈക്കൊളളണമെന്നും സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.

നേരത്തെ ഇന്ത്യ- പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ച അഭിപ്രായ ഭിന്നതകള്‍ മൂലം ഉപേക്ഷിച്ചിരുന്നു.തുടര്‍ന്നാണ് കശ്മീര്‍ ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ മൂന്നാം കക്ഷിയുടെ ആവശ്യമുണ്ടെന്ന മുന്‍നിലപാട്  ഇക്കുറിയും നവാസ് ഷെരീഫ് ഉന്നയിച്ചത്. യുണൈറ്റഡ് നേഷന്റെ 70ാം വാര്‍ഷിക ഉച്ചകോടിയില്‍ സമാധാന ശ്രമങ്ങളെക്കുറിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് ഇന്ത്യ- പാകിസ്താന്‍ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ അമേരിക്ക മൂന്നാംകക്ഷിയാകണമെന്ന് പാക്കിസ്താന്‍ ആവശ്യപ്പെട്ടത്.

അതേസമയം ലഷ്‌കര്‍ ഇ തൊയിബ തലവന്‍ ഹാഫിസ് സയ്യിദ് അടക്കമുളളവരുടെ കാര്യത്തില്‍ കര്‍ശന നിലപാട് പാക്കിസ്താന്‍ എടുക്കുമെന്നും തീവ്രവാദത്തിന് എതിരെയുളള പോരാട്ടങ്ങളില്‍ അണിനിരക്കുമെന്നും പാക്കിസ്താന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 2015ഓടെ ആണവായുധമുളള രാജ്യങ്ങളില്‍ അഞ്ചാംസ്ഥാനത്ത് എത്തുമെന്ന് കരുതുന്ന പാകിസ്താനുമായി ആണവായുധ ശേഖരവുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളൊന്നും അമേരിക്കന്‍ പ്രസിഡന്റ് സംസാരിച്ചതുമില്ല