കലാഭവന്‍ മണിയുടെ മരണം എഴുതി തള്ളാന്‍ വരട്ടെ; കൂടുതല്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് ഡിജിപി; പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടും

ചാലക്കുടി: പ്രമുഖ നടന്‍ കലാഭവന്‍ മണിയുടെ മരണകാരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പറയുമ്പോഴും വ്യക്തമവരുത്താന്‍ കൂടുതല്‍ ശാസ്ത്രീയപരിശോധന അനിവാര്യമാണെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. അന്വേഷണ സംഘവുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ഡിജിപി ഇങ്ങനെ പറഞ്ഞത്. മണിയുടെ ദേഹത്തു വിഷാംശം ഉണ്ടായിരുന്നുവെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു ഭക്ഷണത്തിന്റെയോ മദ്യത്തിന്റെയോ കൂടെ അകത്തെത്തിയതാകാമെന്നാണ് ഇതുവരെയുള്ള സൂചന. ഈ വിഷമാണോ മരണ കാരണമെന്നു സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായില്ല. വിദഗ്ധ പരിശോധനയിലേ ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകൂ. മണിയും കുടുംബാംഗങ്ങളും തമ്മില്‍ പല ഘട്ടത്തിലും അകല്‍ച്ചയുണ്ടായിരുന്നുവെന്നു പൊലീസിനു പലരില്‍നിന്നുമുള്ള മൊഴിയില്‍നിന്നു സൂചന കിട്ടിയിട്ടുണ്ട്. പ്രത്യേകിച്ചും അവസാന രണ്ടു മാസങ്ങളില്‍. മരണകാരണത്തില്‍ വ്യക്തത വരുത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടുമെന്ന് ഡിജിപി പറഞ്ഞു. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടു കസ്റ്റഡിയില്‍ എടുത്ത മൂന്നുപേരെ പൊലീസ് വിട്ടയച്ചിരുന്നു. ബന്ധുവായ വിപിന്‍, ചാലക്കുടി പാടിയിലെ ജോലിക്കാരനായ മുരുകന്‍, അരുണ്‍ എന്നിവരെയാണ് വിട്ടയച്ചത്. മണിയുടെ മരണം അസ്വാഭാവികമാണെന്ന ബന്ധുക്കളുടെ പരാതി തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും പൊലീസിന് ഇവരില്‍നിന്നു ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയ പരിശോധനകള്‍.

© 2024 Live Kerala News. All Rights Reserved.