കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന മൂന്നു സഹായികളെ വിട്ടയച്ചു; മരണ കാരണം കണ്ടെത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കും

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്നു സഹായികളെ അന്വേഷണസംഘം വിട്ടയച്ചു. അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. മണിയുടെ മരണ കാരണം കണ്ടെത്താന്‍ വേണ്ടി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നിര്‍ദേശം നല്‍കി. ഫോറന്‍സിക്, രാസപരിശോധന വിദഗ്ദരും ചികിത്സിച്ച ഡോക്ടര്‍മാരുമാണ് സംഘത്തില്‍ ഉള്‍പ്പെടുന്നത്. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശമില്ലെന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടമാര്‍ പറയുന്നത്. എന്നാല്‍ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയും മെഥനോളും ശരീരത്തിലുണ്ടെന്നാണ് കാക്കനാട് ലാബിലെ രാസപരിശോധനാഫലം. റിപ്പോര്‍ട്ടുകളിലെ വൈരുധ്യം മൂലം മരണകാരണത്തില്‍ ആശയക്കുഴപ്പം പരിഹരിക്കാനാണ് വിദഗ്ധരടങ്ങിയ സംഘം രൂപീകരിക്കാന്‍ ഡിജിപി നിര്‍ദേശിച്ചത്. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനി മരണകാരണമായിട്ടില്ലെന്നാണ് സംഘത്തിന്റെ പ്രാഥമികനിഗമനം. ചെറിയ അളവില്‍ മാത്രമാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. ആന്തരികാവയവങ്ങളിലെ വിഷപദാര്‍ത്ഥങ്ങളുടെ അളവുവ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നല്‍കണമെന്ന് കാക്കനാട് കെമിക്കല്‍ ലാബിനോട് അന്വേഷണസംഘം പ്രത്യേകം ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.