കലാഭവന്‍ മണിയുടെ ഭാര്യാപിതാവിനെ ചോദ്യം ചെയ്തു; അന്വേഷണം നിര്‍ണായക ഘട്ടത്തില്‍

തൃശൂര്‍: കലാഭവന്‍ മണിയുടെ ഭാര്യാപിതാവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മണിയുടെ സ്വത്ത് വിവരങ്ങള്‍ ബിനാമി ബന്ധങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യല്‍. മണിയുടെ 35 സെന്റ് കൃഷിസ്ഥലവും വാടകയ്ക്ക് നല്‍കിയ വീടുകളുടെ മേല്‍നോട്ടവും സുധാകരനായിരുന്നു നോക്കിയിരുന്നത്. മണിയുടെയും സുധാകരന്റെയും ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ച വിശദാംശവും അന്വേഷണസംഘം ശേഖരിച്ചിരുന്നു. സുധാകരന്‍ കീടനാശിനി വാങ്ങാറുണ്ടെന്ന കടക്കാരന്റെ മൊഴിയും സംഘം ചോദിച്ചറിഞ്ഞു. വാഴയിലും മറ്റും തളിക്കാനായി, മേഖലയില്‍ വ്യാപകമായി കീടനാശിനി ഉപയോഗിക്കാറുണ്ടായിരിക്കുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുധാകരന്‍ കീടനാശിനി വാങ്ങിയതില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.
മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ ക്ലോസ് പെരിഫോസിന്റെ അളവ് കണ്ടെത്താന്‍, രക്തത്തിന്റെയും മൂത്രത്തിന്റെയും പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. മണിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.
കലാഭവന്‍ മണിക്ക് കടുത്ത മാനസിക സംഘര്‍ഷമുണ്ടായിരുന്നതായി സഹായികളുടെ മൊഴിയുണ്ടായിരുന്നു. കരള്‍ രോഗത്തെ കുറിച്ച് മണിക്ക് ആശങ്കയുണ്ടായിരുന്നു. പാഡിയില്‍ ഉണ്ടായിരുന്ന ദിവസങ്ങളില്‍ വീട്ടുകാരുമായി മണി അകല്‍ച്ച പാലിച്ചിരുന്നതായും മണിയുടെ സഹായികളായ അരുണ്‍, മുരുകന്‍, വിപിന്‍ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.