മെഡിക്കല്‍ ഷോപ്പ് ഉടമയെ അനാശ്യത്തില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവര്‍ന്നു; പിടിയിലായ സംഘം പുരുഷന്‍മാരെ വലയിലാക്കി അനാശാസ്യത്തിന് എത്തിക്കുന്നവര്‍

പത്തനംതിട്ട: മെഡിക്കല്‍ ഷോപ്പ് ഉടമയെ അനാശാസ്യത്തില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവര്‍ന്ന സംഘത്തിന്റെ പണ്‍വാണിഭ വിവരങ്ങള്‍ പുറത്തുവരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി തിരുവല്ല പൊലീസ് അറസ്റ്റുചെയ്തിരുന്നു. ചങ്ങനാശേരി വാഴപ്പള്ളി ആലുങ്കല്‍ സജി വര്‍ഗീസ്(35), ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ വാലുപറമ്പില്‍ ബിനു തോമസ് (മീനു25) എന്നിവരാണ് പിടികൂടിയത്. സജിയെ ചങ്ങനാശേരിയില്‍ നിന്നും ബിനു തോമസിനെ ചെങ്ങന്നൂരില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാംപ്രതി മുണ്ടക്കയം കുട്ടിക്കല്‍ മൂന്നുപാറ തടത്തില്‍ സുജ (30), റാന്നി ഈട്ടിച്ചുവട് പിലാപ്പാറ പതാലില്‍ ഷാജഹാന്‍ (ഷാജി36), ഈട്ടിച്ചുവട് ആഞ്ഞിലിമൂട്ടില്‍ അനില്‍ മാത്യു(36), റാന്നി ബ്ലോക്ക്പടി പൗവത്ത് മേല്‍മുറിയില്‍ രാജീവ് (30), പത്തനംതിട്ട കുമ്പഴ അമീര്‍ മന്‍സിലില്‍ ഷീജാ മുഹമ്മദ് (40) എന്നിവരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇവരില്‍ സുജയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ചങ്ങനാശേരിയിലെ ഓട്ടോ ഡ്രൈവറായ സജി വര്‍ഗീസ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പുരുഷന്മാരെ വലയിലാക്കി ചങ്ങനാശേരിയിലെ വാടക വീട്ടിലെത്തിക്കുകയും സുജയും ബിനു തോമസും ചേര്‍ന്ന് ഇടപാടുകാരെ മദ്യലഹരിയിലാക്കി പണവും സ്വര്‍ണവും കവര്‍ച്ച നടത്തുകയുമാണ് ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു. ജനുവരി ഒമ്പതിന് ചങ്ങനാശേരി സ്വദേശിയായ ലൈജു(45)വിന്റെ അഞ്ചേ മുക്കാല്‍ പവന്റെ മാല കവര്‍ന്നശേഷം 1.05 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തി പണം പങ്കിട്ടെടുത്തു.

ഇടപാടുകാര്‍ യുവതികളുമായി അനാശാസ്യത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നു ഭീഷണിപ്പെടുത്തിയിരുന്നു തട്ടിപ്പ്. സജി വര്‍ഗീസ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചാണ് കൂടുതല്‍ തട്ടിപ്പുകളും നടന്നിട്ടുള്ളത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. ഒരു വര്‍ഷത്തിനിടെ പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിലും സമാന രീതിയിലുള്ള കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഒട്ടേറെപ്പേര്‍ ഇവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായും പൊലിസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.