തിരുവനന്തപുരം: ബഹ്‌റൈനിലേക്ക് ലൈംഗികവ്യാപാരത്തിന് മലയാളി പെണ്‍കുട്ടികളെ കടത്തുന്ന സംഘത്തില്‍ ഇടനിലക്കാരായി ദമ്പതികളും. റാക്കറ്റിന്റെ ബഹ്‌റൈനിലെ മുഖ്യകണ്ണിയായ ആലുവ സ്വദേശി മുജീബിനൊപ്പമാണ് ദമ്പതികളായ അബ്ദുല്‍ നാസറും ഷാജിദയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതെന്ന അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ബാലുശേരി കൊല്ലം സ്വദേശികളായ ദമ്പതികള്‍ക്കായി തിരച്ചില്‍ തുടങ്ങി. കേന്ദ്ര ജന്‍സികളുടെ സഹായത്തോടെയാണ് അന്വേഷണം. അതേസമയം, കെണിയില്‍പെട്ട യുവതികളെ പാര്‍പ്പിച്ചിരിക്കുന്നത് ബഹ്‌റൈനിലെ അതില്യയിലാണെന്നു അന്വേഷണസംഘം സ്ഥിരീകരിച്ചു. ആഴ്ചകള്‍ക്കു മുന്‍പും ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തിയതായി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. മനോരമ ന്യൂസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ബാലുശ്ശേരി സ്വദേശി നസീറെന്നറിയപ്പെടുന്ന അബ്ദുള്‍ നാസറിനെയും ചന്ദനത്തോപ്പ് സ്വദേശിനി സുമിയെന്നറിയപ്പെടുന്ന ഷാജിദയേയും സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
മുജീബിനൊപ്പം ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ഈ ദമ്പതികളാണെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. ബഹ്‌റൈനിലെ റാഫയില്‍ ഇവര്‍ നടത്തുന്ന റസ്റ്ററന്റില്‍ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു വീട്ടമ്മമാരെ വിദേശത്തേക്ക് കടത്തിയിരുന്നത്. യുഎഇ എംബസിയിലെ ഉന്നതനായ മലയാളി ഉദ്യോഗസ്ഥന്റെ ഒത്താശയോടെയായിരുന്നു ഇടപാടുകള്‍. ജോലി വാഗ്ദാനം നല്‍കി ആഴ്ചകള്‍ക്ക് മുമ്പ് സംഘം കയറ്റി അയച്ച കോതമംഗലം സ്വദേശിനിയായ യുവതിയുടെ പാസ്‌പോര്‍ട്ട് രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. മുഖ്യകണ്ണികളെല്ലാം വിദേശത്തായതിനാല്‍ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. അടുത്ത ദിവസങ്ങളിലാണ് സെക്‌സ് റാക്കറ്റിലെ കൂടുതല്‍ കണ്ണികള്‍ പൊലീസ് വലയിലായേക്കുമെന്നാണ് വിവരം.