ട്രയിനില്‍ കോളജ് വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് ശുചിമുറിയില്‍കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; മധ്യവയസ്‌കനെ യാത്രക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

തൃശൂര്‍: സൗമ്യ ഒരു നോവായി മലയാളിയുടെ മനസ്സില്‍ അവശേഷിക്കുമ്പോഴാണ് സമാനമായ സംഭവത്തില്‍ യാത്രക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന് ആക്രമിയുടെ നീക്കം വിഫലമായത്. ട്രെയിനില്‍ ഇരുന്നിരുന്ന ഗുരുവായൂരിലെ കോളേജ് വിദ്യാര്‍ത്ഥിനിയെ ഇയാള്‍ കടന്നുപിടിച്ച ശേഷം വലിച്ചിഴച്ച് ശുചിമുറിക്ക് സമീപത്തേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. എന്നാല്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി. യാത്രക്കാര്‍ ആക്രമിയെ പിടികൂടി പൊലീസിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ സ്വദേശി വിനയനാണ് അറസ്റ്റിലായത്. ഗുരുവായൂര്‍ എറണാകുളം പാസഞ്ചറിലാണ് സംഭവം. ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു എറണാകുളം പാസഞ്ചര്‍. ഇയാള്‍ മുമ്പും സമാനമായ രീതിയില്‍ സ്ത്രീകളെ ആക്രമിച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റെയില്‍വേ പൊലീസിന് കൈമാറി. സൗമ്യ സംഭവത്തിന് ശേഷം ട്രയിനില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കെയാണ് ഈ സംഭവം.

© 2024 Live Kerala News. All Rights Reserved.