ഇന്ത്യന്‍ ഹജ്ജ് സേവനത്തിനായി ‘മുതവ്വിഫ്’ കരാര്‍ ഒപ്പുവെച്ചു

ജിദ്ദ: ഈ വര്‍ഷം വിശുദ്ധ ഹജ്ജിനത്തെുന്ന 136,000 ഇന്ത്യന്‍ ഹാജിമാര്‍ക്ക് വിവിധ സേവനം നല്‍കാനുള്ള കരാറില്‍ ഹജ് സേവന വിഭാഗമായ ‘മുതവ്വിഫും’ ഇന്ത്യന്‍ അധികൃതരും ഒപ്പുവെച്ചു. മക്കയിലെ അല്‍റുസൈഫയിലുള്ള മുതവ്വിഫ് സ്ഥാപന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മുതവ്വിഫ് വിഭാഗം മേധാവി ഡോ. റഅ്ഫത് ബിന്‍ ഇസ്മാഈല്‍ ബദര്‍, ഇന്ത്യയില്‍നിന്നത്തെിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസര്‍ ശമീം എന്നിവരാണ് കരാരില്‍ ഒപ്പുവെച്ചത്. ഇന്ത്യല്‍ കോണ്‍സുലര്‍ ജനറല്‍ ബി.എസ്. മുബാറക്, ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന്‍, കമ്മിറ്റി അംഗം അബ്ദുല്‍ റഷീദ് അന്‍സാരി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യയില്‍നിന്ന് ഒരുലക്ഷം ഹാജിമാര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയും അവശേഷിക്കുന്നവര്‍ അംഗീകൃത ഏജന്‍സികള്‍ മുഖേനയുമാണ് ഹജ്ജിനത്തെുകയെന്നും ബി.എസ് മുബാറക് പറഞ്ഞു. ഹജ്ജ് വേളയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ മിന അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യനഗരികള്‍ക്കിടയിലെ എല്ലാ യാത്രകള്‍ക്കും തുടര്‍ന്ന് ദുല്‍ഹജ്ജ് 11,12,13 നാളുകളിലെ കല്‌ളേറ് വേളകളിലുമെല്ലാം മശാഇര്‍ ട്രെയ്ന്‍ സര്‍വീസ് ഉപയോഗിക്കും. മക്കയിലും പുണ്യ നഗരികളിലും ഭക്ഷണ വിതരണം, മിന, മുസ്ദലിഫ, അറഫ തുങ്ങിയ ഹജ് തീര്‍ഥാടകര്‍ കഴിച്ചുകൂട്ടുന്ന പുണ്യ പ്രദേശങ്ങളില്‍ടെന്റുകളൊരുക്കല്‍, ഹാജിമാരുടെ നീക്കത്തിനാവശ്യമായ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംവിധാനം, മക്കയിലും മദീനയിലും ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള താമസ കെട്ടിട ലഭ്യത ഉറപ്പുവരുത്തല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം മുതവ്വിഫ് കരാറിന്റെ ഭാഗമായിരിക്കുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഇന്ത്യയില്‍നിന്നത്തെുന്ന ഹജ് തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങളുടെ പുരോഗതി വിലയിരുത്തുകയെന്നതായിരുന്നു ഇന്ത്യന്‍ സംഘവുമായുള്ള കൂടിക്കാഴ്ചയുടെ മുഖ്യ ലക്ഷ്യമെന്ന് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഹജ് മുതവ്വിഫ് വിഭാഗം മേധാവി ഡോ. റഅ്ഫത് ബിന്‍ ഇസ്മാഈല്‍ ബദര്‍ വ്യക്തമാക്കി. ഹറമില്‍ നടക്കുന്ന വികസന പ്രവര്‍ത്തനം കാരണം 20 ശതമാനം തീര്‍ഥാടകരെ കുറക്കണമെന്ന ധാരണയനുസരിച്ച് ഈ വര്‍ഷം 1,36,000 ഇന്ത്യന്‍ തീര്‍ഥാടകരാണ് ഹജ്ജിനത്തെുകയെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് തീര്‍ഥാടകര്‍ സ്വീകരികേണ്ട മുന്‍കരുതലുകളെക്കുറിച്ച അവബോധം നല്‍കുവാനും മറ്റും ഇന്ത്യന്‍ സംഘവുമായുള്ള കൂടിക്കാഴ്ച ഉപകാരപ്പെട്ടതായി ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടക കാര്യങ്ങളുടെ കോര്‍ഡിനേറ്ററും മുതവ്വിഫ് സ്ഥാപന ഔദ്വോഗിക വാക്താവുമായ ഉമര്‍ സിറാജ് അക്ബര്‍ പറഞ്ഞു.
തീര്‍ഥാടകരുടെ പുണ്യ നഗരികള്‍ക്കിടയിലെ യാത്രാ ഷെഡ്യൂളുകളും തീര്‍ഥാടകരുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്തതായും ഉമര്‍ സിറാജ് അക്ബര്‍ പറഞ്ഞു

© 2024 Live Kerala News. All Rights Reserved.