കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോണ്‍കോളുകള്‍ സൈബര്‍സെല്‍ പരിശോധിച്ചു; സുഹൃത്തുക്കളെ ചോദ്യം ചെയ്യല്‍ തുടരുന്നു; ആന്തരാവയവയങ്ങളുടെ പരിശോധനാഫലത്തിനായി കാത്തിരിപ്പ്

ചാലക്കുടി: പ്രമുഖ നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതിനൊപ്പം സൈബര്‍ സെല്‍ ഫോണ്‍ കോളുകളുടെ പരിശോധന നടത്തി. കരള്‍, വൃക്ക എന്നിവയെ ബാധിച്ച രോഗമാണ് മരണകാരണമെന്ന ഡോക്ടര്‍മാരുടെ പ്രാഥമിക നിരീക്ഷണം നിലനില്‍ക്കുമ്പോഴും അസ്വാഭാവികമായി എന്തെങ്കിലുമുണ്ടായിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മണിയുടെ ആന്തരികാവയവങ്ങളുടെ സാമ്പിള്‍ കാക്കനാട്ടെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധന വേഗത്തിലാക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. മീഥെയിന്‍ ആല്‍ക്കഹോള്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയെന്ന് ചികില്‍സയ്ക്കിടെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഭക്ഷണത്തിലൂടെയെ മറ്റോ ആണോ മീഥെയിന്‍ ആല്‍ക്കഹോള്‍ അകത്തു ചെന്നതെന്ന സംശയമാണ് ദൂരീകരിക്കാനുള്ളത്. മണിയുടെ കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം തകരാറാലായിരുന്നുവെന്നാണ് ചികില്‍സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതിനാല്‍ ശരീരത്തില്‍ നിന്നു വിഷാംശം പുറന്തള്ളാന്‍ കഴിയാതെ വന്നതാണോ മീഥെയിന്‍ ആല്‍ക്കഹോള്‍ ശരീരത്തില്‍ കണ്ടെത്താന്‍ കാരണമെന്നും സംശയമുണ്ട്. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ തലേന്ന് മണിയുടെ കൂടെ മദ്യപിച്ച മറ്റാര്‍ക്കും മറ്റു ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.