കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് വെട്ടേറ്റു; രക്തം കുട്ടികളുടെ ബാഗിലേക്ക് തെറിച്ചുവീണു

കണ്ണൂര്‍: ബിജെപി നേതാവായിരുന്ന കെ ടി ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസിനകത്ത് വിദ്യാര്‍ഥികളുടെ മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. സമാനമായിത്തോന്നാം വിദ്യാര്‍ഥികളുടെ മുന്നിലിട്ട് ഓട്ടോറിക്ഷ ഡൈവര്‍ക്ക് വെട്ടേറ്റതും. ചൊക്ലിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തിയാണ് ഡ്രൈവറെ വിദ്യാര്‍ഥികളുടെ മുന്നിലിട്ടു വെട്ടിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ അണിയാറം വലിയാണ്ടി പീടിക ബിജുവിനാണ് വെട്ടേറ്റത്. കൈകള്‍ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഇയാളെ തലശേരി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഹി എസ്എന്‍ പബ്ലിക് സ്‌കൂളിലേക്കു ചൊക്ലിയില്‍ നിന്നു വിദ്യാര്‍ഥികളുമായി പോകുകയായിരുന്നു ബിജു. അക്രമികള്‍ തടഞ്ഞപ്പോള്‍ റോഡിലേക്കു മറിഞ്ഞ ഓട്ടോയില്‍ നിന്നു ബിജുവിനെ പുറത്തേക്കു വലിച്ചിട്ടു വെട്ടുകയായിരുന്നു. വെട്ടേറ്റ ബിജുവിന്റെ രക്തം ഓാട്ടോറിക്ഷയിലെ കുട്ടികളുടെ ബാഗില്‍ പുരണ്ടനിലയിലാണ്. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ആര്‍എസ്എസ് ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.