കാമുകിയെ കാണാന്‍ പാകിസ്ഥാനില്‍ പോയ ഇന്ത്യന്‍ യുവാവിന് പാകിസ്ഥാനില്‍ മൂന്നുവര്‍ഷം തടവ്; ഇന്റര്‍നെറ്റിലൂടെയാണ് ഇരുവരും പ്രണയബദ്ധരായത്

പെഷാവര്‍: കാമുകിയെ കാണാന്‍ പാകിസ്ഥാനില്‍ പോയ ഇന്ത്യന്‍ യുവാവിന് പാകിസ്ഥാനില്‍ മൂന്നുവര്‍ഷം തടവ്. ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പാക്ക് പട്ടാള കോടതി ഇന്ത്യന്‍ യുവാവിനെ ശിക്ഷിച്ചത്. ഖൈബര്‍ പക്തുംക പ്രവിശ്യയിലെ കോഹത്തിലുള്ള പട്ടാള കോടതിയാണ് യുവാവിനെ ശിക്ഷിച്ചത്. മുംബൈ സ്വദേശിയായ ഹമീദ് നെഹല്‍ അന്‍സാരി 2012 നവംബറിലാണ് പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ പിടിയിലായത്. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനാണ് തന്റെ മകന്‍ അഫ്ഗാന്‍ വഴി പാക്കിസ്ഥാനിലെത്തിയതെന്നും അവന്‍ ചാരനല്ലെന്നും അന്‍സാരിയുടെ മാതാവ് ഫൗസിയ പറഞ്ഞു. അഫ്ഗാന്‍ വഴി പാകിസ്ഥാനിലേക്കു വീസ ഇല്ലാതെ കടക്കാനാകുമെന്ന ചില സുഹൃത്തുക്കളുടെ ഉപദേശത്തിനു വഴങ്ങിയാണ് അന്‍സാരി യുവതിയെ കാണാന്‍ പുറപ്പെട്ടത്. ഫൗസിയ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയെ തുടര്‍ന്നാണ് അന്‍സാരി പട്ടാളത്തിന്റെ കസ്റ്റഡിയിലുണ്ടെന്നും വിചാരണ നേരിടുകയാണെന്നും പാക്കിസ്ഥാന്‍ അധികൃതര്‍ സമ്മതിച്ചത്. പെഷാവര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയ അന്‍സാരിയെ ബന്ധപ്പെടാന്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അനുമതി തേടി.

© 2024 Live Kerala News. All Rights Reserved.