പാകിസ്താനിലും ചൈനയിലും ബ്രിട്ടണിലും ഇന്ത്യക്ക് പുതിയ നയതന്ത്രജ്ഞര്‍

ന്യൂഡല്‍ഹി: പാകിസ്താന്‍, ചൈന, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യയുടെ നയതന്ത്രനേതൃത്വം മാറുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷം ഉന്നത ഉദ്യോഗസ്ഥ തലത്തിലുള്ള സുപ്രധാന സ്ഥാനമാറ്റമാണിത്. വിദേശകാര്യമന്ത്രാലയത്തിലെ മുഖ്യ വക്താവായ സയിദ് അക്ബറുദ്ദീനെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധിയാക്കാനും തീരുമാനിച്ചു.

വിദേശകാര്യമന്ത്രാലയത്തിലെ പടിഞ്ഞാറന്‍ മേഖലയുടെ ചുമതലയുള്ള സെക്രട്ടറി നവ്‌തേജ് സര്‍ണയാണ് ലണ്ടനിലെ അടുത്ത ഹൈക്കമ്മീഷണര്‍. രഞ്ജന്‍ മത്തായിയാണ് നിലവിലെ ഹൈക്കമ്മീഷണര്‍. നവംബറില്‍ മോദിയുടെ ലണ്ടന്‍ സന്ദര്‍ശനശേഷമായിരിക്കും സ്ഥാനമാറ്റമുണ്ടാകുക. നിലവില്‍ ഭൂട്ടാനിലെ അംബാസഡറായ ഗൗതം ബംബാവാലേയായിരിക്കും പാകിസ്താനിലെ പുതിയ ഹൈക്കമ്മീഷണര്‍. നിലവിലെ ഹൈക്കമ്മീഷണറായ ടി.സി.എ രാഘവന്‍ ഡിസംബര്‍ 31 ന് സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ഗൗതം നിയമിതനാകുക.

ജര്‍മനിയിലെ അംബാസഡറായ വിജയ് ഗോഖലെയെ ചൈനയിലെ പുതിയ അംബാസഡറാക്കാനും തീരുമാനമായി. അശോക് കാന്തയാണ് നിലവില്‍ ബെയ്ജിങിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി.

യു.എന്നിലെ സ്ഥിരം പ്രതിനിധിയാകുന്ന സയിദ് അക്ബറുദ്ദീന്‍ ഒക്ടോബറില്‍ നടക്കുന്ന ഇന്ത്യ- ആഫ്രിക്ക ഉച്ചകോടിയുടെ അഡീഷണല്‍ സെക്രട്ടറിയാണ്. അശോക് മുഖര്‍ജിക്കു പകരമായാണ് ഇദ്ദേഹം ഐക്യരാഷ്ട്ര സഭയിലെത്തുക. ഈവര്‍ഷം അവസാനത്തോടെയായും ഈ സുപ്രധാന സ്ഥാനമാറ്റങ്ങളെന്നാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്ന സൂചന.

© 2023 Live Kerala News. All Rights Reserved.