കാർഗിൽ യുദ്ധത്തിനും മുൻപേ തന്നെ ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാൻ പദ്ധതിയിട്ടിരുന്നതായി പുതിയ വെളിപ്പെടുത്തൽ.. തടഞ്ഞത് ബേനസീർ ഭൂട്ടോ

ന്യൂഡൽഹി∙ കാർഗിൽ യുദ്ധത്തിനും മുൻപേ തന്നെ ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാൻ പദ്ധതിയിട്ടിരുന്നതായി പുതിയ വെളിപ്പെടുത്തൽ. അന്ന് പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയുടെ ശക്തമായ എതിർപ്പു നിമിത്തമാണ് അത് നടക്കാതെ പോയതെന്നും അടുത്തിടെ പുറത്തിറങ്ങിയ ‘വേർ ബോർഡേർസ് ബ്ലീഡ്: ആൻ ഇൻസൈഡേർസ് അക്കൗണ്ട് ഓഫ് ഇന്തോ-പാക്ക് റിലേഷൻ’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തലുള്ളത്. 1992 മുതൽ 1994 വരെ കറാച്ചിയിലെ ഇന്ത്യൻ കോൺസൂൽ ജനറലായിരുന്ന രാജീവ് ദോഗ്രയാണ് പുസ്തകത്തിന്റെ രചയിതാവ്. ഇതിന് പുറമെ ഇന്ത്യ-പാക്ക് ഉഭയകക്ഷി ബന്ധത്തിലെ ഇനിയും പുറത്തു വരാത്ത ഒട്ടേറെ കഥകളും തന്റെ പുതിയ പുസ്തകത്തിൽ രാജീവ് ദോഗ്ര വിശദീകരിച്ചിട്ടുണ്ട്.

Kargil War

കാർഗിൽ യുദ്ധം (ഫയൽ ചിത്രം)

കഴിഞ്ഞ 70 വർഷത്തെ ഇന്ത്യ-പാക്ക് സംഘർ‌ത്തിന്റെ നാളുകളെ ചരിത്രപരവും നയതന്ത്രപരവും സൈനികപരവുമായ കാഴ്ചപ്പാടുകളിലൂടെ വിശദീകരിക്കാൻ ശ്രമിക്കുന്ന ഈ പുസ്തകം ഇന്ത്യ-പാക്ക് വിഭജനത്തിന്റെ കാര്യകാരണങ്ങളേയും പരിശോധിക്കുന്നുണ്ട്. മൗണ്ട്ബാറ്റൺ പ്രഭുവിന്റേയും മുഹമ്മദലി ജിന്നയുടെയും കാലം മുതൽ അടൽ ബിഹാരി വാജ്പേയിയുടെയും മൻമോഹൻ സിങ്ങിന്റെയുമൊക്കെ കാലം വരെ ഈ നാടിന്റെ ചരിത്രത്തെ ആരൊക്കെയാണ് രൂപപ്പെടുത്തിയതെന്നും പുസ്തകം വിശദീകരിക്കാൻ ശ്രമിക്കുന്നു.

പാക്കിസ്ഥാൻ നേതാക്കളിൽ താരതമ്യേന ഉദാരതയുള്ള നേതാവായിരുന്നു ബേനസീർ ഭൂട്ടോയെന്നും പുസ്തകത്തിലൂടെ രാജീവ് ദോഗ്ര വ്യക്തമാക്കുന്നു. ബേനസീറിന്റെ പാശ്ചാത്യ വിദ്യാഭ്യാസ പശ്ചാത്തലമാണ് വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിൽ അവരെ കൂടുതൽ സ്വീകാര്യയാക്കിയതെന്ന നിരീക്ഷണവും രാജീവ് നടത്തുന്നുണ്ട്. പാക്ക് ഇന്റലിജൻസിന്റെ തരംതാണ ഗോസിപ്പുകൾ അവരെ വഴിതെറ്റിച്ചിരുന്നെങ്കിലും ചില സമയങ്ങളിൽ സൈന്യമെടുക്കുന്ന തെറ്റായ നയങ്ങളെ ബേനസീർ ശക്തിയുക്തം എതിർത്തിരുന്നുവെന്നും പുസ്തകം പറയുന്നു. ഈ നിലപാടു മൂലം കാർഗിലിൽ നടക്കേണ്ടിയിരുന്ന ഒരു കൈയ്യേറ്റ ശ്രമമെങ്കിലും മുളയിലേ നുള്ളപ്പെട്ടതായും പുസ്തകം വിശദീകരിക്കുന്നു.

Kargil War

കാർഗിൽ യുദ്ധം (ഫയൽ ചിത്രം)

ഇന്ത്യയെ ആക്രമിക്കുന്നതിനുള്ള പദ്ധതിയുമായി സൈനിക മേധാവിയായിരുന്ന ജനറൽ പർവേസ് മുഷറഫ് ബേനസീറിനെ സമീപിച്ചതിനെക്കുറിച്ചും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. കാർഗിൽ നിഷ്പ്രയാസം കീഴടക്കാമെന്ന് വിശദീകരിച്ച് മുഷറഫ് കൊണ്ടുവന്ന പദ്ധതിക്ക് ബേനസീർ അനുമതി നൽകിയില്ല. സൈനിക മേധാവിയെ എതിർത്ത ബേനസീറിന്റെ നടപടി പാക്കിസ്ഥാനിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ തികച്ചും അപൂർവമായ നടപടിയായിരുന്നുവത്രെ. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയുടെ ചരിത്രപ്രധാനമായ ഡൽഹി-ലാഹോർ യാത്രയ്ക്ക് സ്വീകരണം നൽകുമ്പോൾ പാക്ക് സൈന്യം കാർഗിലിൽ നുഴഞ്ഞുകയറുന്ന വിവരം പാക്ക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന് അറിയാമായിരുന്നുവെന്ന ആരോപണവും പുസ്തകത്തിലുണ്ട്.

 

photo courtesy:manoramaonline

© 2024 Live Kerala News. All Rights Reserved.