അനന്തപുരിയില്‍ ഒഎന്‍വിയ്ക്ക് അന്ത്യനിദ്ര; കാവ്യദീപം ഇനി ജനമനസ്സുകളില്‍ ജ്വലിക്കും; സാക്ഷരകേരളത്തിന്റെ അന്ത്യാഞ്ജലി

തിരുവനന്തപുരം: മലയാള സാംസ്‌കാരിക മേഖലയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കുകയും മലയാളിയുടെ മനസ്സില്‍ മായാത്ത മാരിവില്ലുതീര്‍ത്ത കവിതകളും ഗാനങ്ങളും കോറിയിട്ട പ്രിയകവി ഒഎന്‍വി കുറിപ്പിന് ഇനി അനന്തപുരിയുടെ മണ്ണില്‍ അന്ത്യനിദ്ര. പ്രമുഖരുടെ സാന്നിധ്യകൊണ്ട് സമ്പന്നമായ ശവസംസ്‌കാര ചടങ്ങ് ഔദ്യോഗിക ബഹുമതികളോടെയാണ് നടന്നത്. മഹാകവിയ്ക്ക് വിടചൊല്ലി കാവ്യകേരളം, അദേഹത്തെ അവസാനമായി കാണാന്‍ ഒഴുകിയെത്തി. തൈക്കാട് ശാന്തി കവാടത്തിലാണ് ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്. മഹാകവിയോടുള്ള ആദരസൂചകമായി ഒരുപറ്റം കലാകാരന്‍മാരുടെ ഗാനാര്‍ച്ചനയും അരങ്ങേറി. ഒഎന്‍വിയുടെ ശിഷ്യരായ 84 കലാകാരന്മാരാണ് അദദ്ദേഹത്തിന് ഗാനാര്‍ച്ചനയിലൂടെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, ബിജെപി നേതാവ് ഒ രാജഗോപാല്‍ ഉള്‍പ്പെടെ നിരവധിപേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.
മലയാളിയുടെ നിത്യജീവിതത്തെ ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോയ പ്രിയ കവിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ശനിയാഴ്ച്ച മുതല്‍ ആയിരങ്ങളാണ് വിജെടി ഹാളിലും വഴുതക്കാട്ടെ ഇന്ദീവരത്തിലും ശാന്തികവാടത്തിലുമെത്തിയത്. ആറു പതിറ്റാണ്ടിലേറെ മലയാള സാഹിത്യ-സാംസ്‌കാരിക-സിനിമാ ലോകത്ത് സജീവ സാന്നിധ്യമായിരുന്ന ഒഎന്‍വി. വാര്‍ദ്ധക്യ സഹജമായ അവശതയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച്ച വൈകിട്ട് നാലരയ്ക്കായിരുന്നു കവിയുടെ അന്ത്യം. പത്മവിഭൂഷണ്‍, ജ്ഞാനപീഠം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ നിരവധി അംഗീകാരം ഒഎന്‍വിയെ തേടിയെത്തി. മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം 13 തവണയാണ് അദ്ദേഹത്തിന് ലഭിച്ചത്. കവി, ഗാനരചയിതാവ്, അധ്യാപകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ മലയളഭാഷയുടെ ഗുരുനാഥനെന്ന അംഗീകാരം നേടിയാണ് ഒഎന്‍വി കുറുപ്പ് യാത്രയായത്. കൊല്ലം ജില്ലയിലെ ഒറ്റപ്ലാക്കല്‍ ഒഎന്‍ കൃഷ്ണകുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി 1931 മെയ് 27നാണ് ഒഎന്‍വിയുടെ ജനനം. പരമേശ്വരന്‍ എന്നായിരുന്നു ആദ്യപേര്‍. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ് എന്ന് മാറ്റി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, കൊല്ലം എസ്എന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. 1957ല്‍ എറണാകുളം മഹാരാജ് കോളജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. കോഴിക്കോട് ആട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം ഗവണ്‍മന്റ് വിമന്‍സ് കോളജ് എന്നിവടങ്ങളില്‍ മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചു. അദേഹം ഇനി ജനമനസ്സുകളില്‍ ജീവിക്കും.

© 2024 Live Kerala News. All Rights Reserved.