ഒഎന്‍വിയെ അവസാനമായി കാണാന്‍ ആയിരങ്ങള്‍; ഇന്ദീവരം തേങ്ങുന്നു; ശവസംസ്‌കാരം നാളെ ചെറുമകള്‍ അപര്‍ണ്ണയെത്തിയശേഷം

തിരുവനന്തപുരം: മലയാളത്തിന്റെ സ്വന്തം ഭാവകാമുകന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയരങ്ങളെത്തുന്നു. മലയാളിയുടെ നിത്യജീവിതത്തെ ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോയ പ്രിയ കവിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ഇന്നലെ മുതല്‍ ആയിരങ്ങളാണ് വഴുതക്കാട്ടെ ഇന്ദീവരത്തിലേക്കെത്തുന്നത്. തിരുവനന്തപുരം വിജെടി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നുണ്ട്. വിദേശത്തുള്ള ചെറുമകള്‍ അപര്‍ണ്ണയെത്തിയശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നാളെ രാവിലെ പത്തിന് തൈക്കാട് ശാന്തികവാടത്തിലാണ് മൃതദേഹം സംസ്‌കരിക്കുക. ആറു പതിറ്റാണ്ടിലേറെ മലയാള സാഹിത്യസാംസ്‌കാരികസിനിമാ ലോകത്ത് സജീവ സാന്നിധ്യമായിരുന്ന ഒഎന്‍വി വാര്‍ദ്ധക്യ സഹജമായ അവശതയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് നാലരയ്ക്കായിരുന്നു കവിയുടെ അന്ത്യം. പത്മവിഭൂഷണ്‍, ജ്ഞാനപീഠം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ നിരവധി അംഗീകാരം ഒഎന്‍വിയെ തേടിയെത്തി. മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം 13 തവണയാണ് അദ്ദേഹത്തിന് ലഭിച്ചത്. കവി, ഗാനരചയിതാവ്, അധ്യാപകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ മലയളഭാഷയുടെ ഗുരുനാഥനെന്ന അംഗീകാരം നേടിയാണ് ഒഎന്‍വി കുറുപ്പ് യാത്രയായത്. കൊല്ലം ജില്ലയിലെ ഒറ്റപ്ലാക്കല്‍ ഒഎന്‍ കൃഷ്ണകുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി 1931 മെയ് 27നാണ് ഒഎന്‍വിയുടെ ജനനം. പരമേശ്വരന്‍ എന്നായിരുന്നു ആദ്യപേര്‍. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ വേലുക്കുറുപ്പ് എന്ന് മാറ്റി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, കൊല്ലം എസ്എന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. 1957ല്‍ എറണാകുളം മഹാരാജ് കോളജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. കോഴിക്കോട് ആട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം ഗവണ്‍മന്റ് വിമന്‍സ് കോളജ് എന്നിവടങ്ങളില്‍ മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചു. ഒഎന്‍വിയോടുള്ള ആദരസൂചകമായി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ ഇന്ന് നടക്കാനിരുന്ന സമാപന സമ്മേളനം നാളത്തേക്ക് മാറ്റി.

© 2024 Live Kerala News. All Rights Reserved.