ഒഎന്‍വി കുറുപ്പ് ഇനി ഓര്‍മ്മ; മലയാളിയെ കുളിരണിയിച്ച ഗാനങ്ങളും കവിതകളും ജനഹൃദയങ്ങളില്‍ ജീവിക്കും

തിരുവനന്തപുരം: മലയാളത്തിന് ഒരുപിടി നല്ല ഗാനങ്ങളും ഉള്‍ക്കരുത്തും കാവ്യഭംഗിയുമുള്ള കവിതകളും സമ്മാനിച്ചാണ് പ്രിയപ്പെട്ട കവി ഒഎന്‍വി കുറുപ്പ് ((84) വിടപറഞ്ഞത്. ജ്ഞാനപീഠ ജേതാവായ ഒഎന്‍വിയുടെ വിയോഗം സാംസ്‌കാരിക മേഖലയ്ക്ക് കനത്ത നഷ്ടമായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് അദ്ദേഹം കുറച്ച് നാള്‍ മുന്‍പ് ചികിത്സയിലായിരുന്നു. ആരോഗ്യം വീണ്ടെടുത്തു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹം വിടവാങ്ങിയത്. 1931 മെയ് 27 ന് കൊല്ലം ചവറയിലായിരുന്നു ഒഎന്‍വിയുടെ ജനനം. എസ് എന്‍ കോളേജിലും യൂണിവേഴ്‌സിറ്റി കൊളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ ഒഎന്‍വി അനേകം വര്‍ഷങ്ങള്‍ അധ്യാപകനായി ജോലിനോക്കിയിരുന്നു. സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007ലെ ജ്ഞാനപീഠ പുരസ്‌കാരം ഒഎന്‍വിക്ക് ലഭിച്ചിരുന്നു. ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് ഒഎന്‍വി. ആറ് പതിറ്റാണ്ടോളം നീണ്ടു നിന്ന അദ്ദേഹത്തിന്റെ കാവ്യജീവിതം ഏറെ സമ്പന്നമായിരുന്നു. മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയില്‍പ്പീലി, അക്ഷരം, കറുത്ത പക്ഷിയുടെ പാട്ട്,അഗ്‌നിശലഭങ്ങള്‍, ഭൂമിക്ക് ഒരു ചരമഗീതം.ഉപ്പ്, ഉജ്ജയിനി, ഭൈരവിന്റെ തുടി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിതകള്‍. മറക്കാനാവാത്ത ഒരുപിടി ഗാനങ്ങളും.

© 2024 Live Kerala News. All Rights Reserved.