ഉമ്മന്‍ചാണ്ടിയുടെ കുടുംബവുമൊത്ത് സരിത പലതവണ ക്ലിഫ് ഹൗസിലും പുതുപ്പള്ളി ഹൗസിലും വെച്ച് ചായ മാത്രമല്ല, പലതും കഴിച്ചിട്ടുണ്ട്; വിഎസ് അച്യുതാനന്ദന്റെ നിയമസഭയിലെ വൈറലായ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെയും മന്ത്രിസഭയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വ്യക്തവും കൃത്യതയാര്‍ന്നതുമായ പ്രസംഗമായിരുന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന്റേത്. ഭരണപക്ഷത്തിന് ഉത്തരംമുട്ടുന്ന അമ്പുകളാണ് വിഎസ് തൊടുത്തുവിട്ടത്. സോളാര്‍കേസില്‍ ഇത്രയും വിശദമായൊരു പ്രസംഗം മറ്റാരും നടത്തിയിരുന്നില്ല.

പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

സര്‍,
ഞങ്ങള്‍ പ്രതിപക്ഷത്ത് ഇരിക്കുന്നതും, സഭാ നടപടികളില്‍ പങ്കെടുക്കുന്നതും ഞങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളോടുളള കടപ്പാടുകൊണ്ടാണ്. ഇതുപോലെ നാണംകെട്ട ഒരു മുഖ്യമന്ത്രിക്കെതിരെയുള്ള സീറ്റില്‍ പ്രതിപക്ഷനേതാവായി ഇരിക്കുന്നണ്‍തില്‍ ഞാന്‍ ലജ്ജിക്കുന്നു. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിനുവേണ്ടി ഞങ്ങള്‍ പ്രതിപക്ഷം ഗതികേടുകൊണ്ട് ഇവിടെ ഇരിക്കുകയാണ്. ഈ സര്‍ക്കാരിനെപ്പറ്റി എന്താണ് പറയേണ്ടത്? എന്തിനാണ് സാര്‍ ഈ ഉമ്മന്‍ചാണ്ടിയും കൂട്ടരും ഒരു സര്‍ക്കാര്‍ ആണെന്നു പറഞ്ഞ് ഞെളിഞ്ഞു നടക്കുന്നത്?

സര്‍,
കേരളത്തിന്റെ പേര് ഇത്രയേറെ അപമാനിതമായ ഒരു കാലഘട്ടം ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ? എന്തെല്ലാം വൃത്തികേടുകളാണ് സാര്‍ ഈ സര്‍ക്കാരിനെപ്പറ്റി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്്? എത്ര ഭീകരമായ ശാസനകളാണ് കോടതികളില്‍ നിന്ന് ഈ സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ ദിവസേന എന്നോണം വന്നുകൊണ്ടിക്കുന്നത്?

സര്‍,
മുഖ്യമന്ത്രിയും, ഈ മന്ത്രിസഭയിലെ സീനിയറായ ആര്യാടന്‍ മുഹമ്മദും ഉള്‍പ്പെടെയുളളവരെപ്പറ്റി വന്നിരിക്കുന്ന ആക്ഷേപങ്ങള്‍ ഞാന്‍ ആവര്‍ത്തിക്കുന്നില്ല സാര്‍. അത് ഈ സാക്ഷര സുന്ദര കേരളത്തിനും, ഒരു സര്‍ക്കാരിനും ഭൂഷണമാണോ എന്നുമാത്രം ആലോചിച്ചാല്‍ മതി.

സര്‍,
ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ ഉയരുന്ന ആരോപണങ്ങളും, അഴിമതിക്കഥകളുമല്ലേ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ നേട്ടം?. ഏതാണ്ട് എല്ലാ മന്ത്രിമാരും ഒന്നിനൊന്ന് മികച്ച അഴിമതികളിലല്ലേ കുടുങ്ങിയിരിക്കുന്നത്. അപ്പുറത്ത് ഇരിക്കുന്ന മന്ത്രിമാരില്‍ ആരെക്കുറിച്ചാണ് സാര്‍ ഒരു ക്ലീന്‍ മന്ത്രി എന്നു പറയാവുന്നത്?. മഷിയിട്ട് നോക്കിയാല്‍ പോലും വലിയ പ്രയാസമാണ്. ചിലപ്പോള്‍ ഒരു ജയലക്ഷ്മി എങ്ങാന്‍ കണ്ടാല്‍ ആയി.

സര്‍,
എത്രനാളായി സാര്‍ ബാര്‍ കോഴ നിറഞ്ഞാടാന്‍ തുടങ്ങിയിട്ട്?. കോഴയില്‍ തെന്നി പാവം കെ.എം. മാണി ഒരുവഴിക്കായി. കെ.എം. മാണിക്ക് പിന്നാലെ ബാബുവും പോയതാണ്. പക്ഷേ, ഉമ്മന്‍ചാണ്ടിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരന്‍ ആയതുകൊണ്ട് ബാബുവിന് മന്ത്രിസഭയില്‍ തിരിച്ചുവരാന്‍ കഴിഞ്ഞു. ബാബുവിന്റെ സ്ഥിതിയും സ്വസ്ഥമല്ല. വെന്റിലേറ്ററില്‍ ആയിരുന്ന ബാബുവിനെ തല്‍ക്കാലം ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റി എന്നുമാത്രം. ഇക്കാര്യത്തില്‍ കൂടെ നിന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും കുതികാല്‍ വെട്ടുകയായിരുന്നു എന്നാണല്ലോ അടുത്ത ദിവസം മാണി മൊഴിഞ്ഞത്. കാര്യങ്ങള്‍ പലതും ഇനിയും പുറത്തുവരുമ്പോള്‍ മാണിമൊഴികള്‍ ഇനിയും ഉണ്ടായിക്കൂടെന്നില്ല.

സര്‍,
ബാര്‍ കോഴയില്‍ കൈകാല്‍ ഇട്ടടിക്കുന്നതിന് ഇടയിലാണല്ലോ സോളാര്‍ കുംഭകോണം ഉമ്മന്‍ചാണ്ടിക്ക് നേരെ കത്തിപ്പടരുന്നത്.
സോളാര്‍ കേസില്‍ ഇതിനകം വന്നിട്ടുള്ള വെളിപ്പെടുത്തലുകളില്‍ ഉമ്മന്‍ചാണ്ടിയും, ആര്യാടന്‍ മുഹമ്മദും പിന്നെ മറ്റു ചില മന്ത്രിമാരും കോണ്‍ഗ്രസിന്റെ അപ്പുറത്തിരിക്കുന്ന വീരശൂര പരാക്രമികളായ ചില വിദ്വാന്മാരമൊക്കെ ഉണ്ടല്ലോ?. അവരുടെയൊക്കെ വീരശൂരത്വം പറഞ്ഞ് അവരെയൊക്കെ ഇനിയും മഹാന്മാരാക്കാന്‍ ഏതായാലും ഞാന്‍ ഉദ്ദേശിക്കുന്നില്ല.

സര്‍,
സോളാര്‍ കേസിലെ പ്രതി മുഖ്യമന്ത്രിയ്ക്ക് അനുകൂലമായ മൊഴി നല്‍കാന്‍ വേണ്ടി അവരെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഫോണില്‍ സ്വാധീനിച്ചതിന്റെ ശബ്ദരേഖ വെളിയില്‍ വന്നിട്ടുണ്ട്. മറ്റൊരു ശബ്ദരേഖ വേറൊരു കോണ്‍ഗ്രസ് നേതാവുമായുള്ളതാണ്. ആ നേതാവാകട്ടെ നമ്മുടെ ഈ സഭയിലെ ഒരു ബഹുമാന്യ അംഗവുമാണ്. അദ്ദേഹം ഈ സഭയില്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന ആളുമാണ്. പക്ഷേ ആ സോളാര്‍ കേസിലെ പ്രതിയായ വനിതയുമായി സംസാരിക്കുമ്പോള്‍, അവരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിക്കുന്ന രീതി നമ്മളൊക്കെ കണ്ടതല്ലേ?. എത്ര പതുങ്ങിപ്പതുങ്ങി, അടഞ്ഞ ശബ്ദത്തില്‍, വിനീത വിധേയനായല്ലേ അവരുടെ ചോദ്യങ്ങളെ നേരിട്ടത്?. ആ സിങ്കത്തിന്റെ ജടയും, സടയും ഒക്കെ കൊഴിഞ്ഞ് ഒരു പൂച്ചയെപ്പോലെ സരിതയുടെ മുന്നില്‍ നിന്ന് പരുങ്ങുന്നത് നമ്മള്‍ കേട്ടതല്ലേ?. എന്ത് നാണക്കേടാണ് സാര്‍ ഇത്?

സര്‍,
ഈ പുകിലൊക്കെ ഉണ്ടായപ്പോള്‍, മാണി മുതല്‍ ബാബുവും, ഉമ്മന്‍ചാണ്ടിയും വരെയുള്ളവര്‍ പറഞ്ഞത് എന്താണ്?. ആരോപണങ്ങള്‍ക്കെല്ലാം പിന്നില്‍ ഗൂഢാലോചന .. . . ഗൂഢാലോചന എന്ന്.

സര്‍,
പണ്ടൊക്കെ നാട്ടിന്‍ പുറങ്ങളില്‍ ചില ആളുകള്‍ വരാറുണ്ട്. ‘ഈയ്യം പൂശാനുണ്ടോ. . .. ഈയ്യം പൂശാനുണ്ടോ എന്നു ചോദിച്ച്. ഏതാണ്ട് ഇതുപോലെയാണ് ഉമ്മന്‍ചാണ്ടിയുടെയും, മാണിയുടെയുമൊക്കെ കാര്യം. ഗൂഢാലോചനയുണ്ടോ . . . ഗൂഢാലോചനയുണ്ടോ ഉണ്ടോ….എന്നു പറഞ്ഞ് നടക്കുകയാണ് ഇക്കൂട്ടര്‍. ഏതു ഗൂഢാലോചനയും ഏറ്റെടുക്കുമെന്ന മട്ടില്‍.

സര്‍,
ഉമ്മന്‍ചാണ്ടി, നാണം എന്ന വാക്ക് ശബ്ദതാരാവലിയില്‍ എങ്കിലും ഒന്നു നോക്കണ്ടേ? അങ്ങനെയായിരുന്നു എങ്കില്‍ താങ്കള്‍ എന്നേ രാജിവെച്ച് പോകുമായിരുന്നു?. കാരണം നാട്ടിലെ ജനങ്ങളെ മുഴുവന്‍ പോഴരാക്കി കൊണ്ടല്ലേ ഇപ്പോഴും മുഖ്യമന്ത്രിയായി തുടരുന്നത്?.

സര്‍,
ഇങ്ങനെ നുണകള്‍ മാത്രം പറയുകയും, നുണകളില്‍ ഉണ്ണുകയും, നുണകളില്‍ ഉറങ്ങുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രി ലോകത്ത് എവിടെയെങ്കിലും കാണുമോ?. ഏതായാലും നുണകള്‍ പറയുന്ന കാര്യത്തില്‍ നമ്മുടെ മുഖ്യമന്ത്രി എന്നേ ‘ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍’ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇനി ആരു വിചാരിച്ചാലും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ പറ്റില്ല. നമിക്കുന്നു സാര്‍, നമിക്കുന്നു.

സര്‍,
14 മണിക്കൂര്‍ സോളാര്‍ കമ്മീഷനു മുമ്പില്‍ ചോദ്യം ചെയ്യലിന് ഇരുന്നു കൊടുത്തത് വലിയ കാര്യമായാണ് മുഖ്യമന്ത്രി എപ്പോഴും പറയുന്നത്. അഴിമതി കേസില്‍ ചോദ്യം ചെയ്യപ്പെടുന്നത് എങ്ങനെയാണ് സാര്‍ വലിയ കാര്യമാകുന്നത്?. അതു മാത്രാണോ? 14 മണിക്കൂറും തുടര്‍ച്ചയായി കള്ളങ്ങള്‍ മാത്രം പറയുന്നതില്‍ ഒരു സങ്കോചവും കാട്ടാതിരുന്ന ആളും ഈ മുഖ്യമന്ത്രി തന്നെയല്ലേ?.

സര്‍,
സോളാര്‍ കേസ് ആരംഭിച്ച സമയത്ത് തുടങ്ങിയ നുണയല്ലേ സാര്‍. ആദ്യം സരിതയെ അറിയുകയോ, കാണുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. കമ്മീഷനു മുമ്പില്‍ മൂന്നുപ്രാവശ്യം കണ്ടു കാണാം എന്നാണ് നമ്മുടെ നുണയന്‍ മുഖ്യമന്ത്രി പറഞ്ഞത്. പിറ്റേന്ന് സരിത കൊടുത്ത മൊഴിയിലും, രേഖയിലും എന്താണ് സാര്‍ ഉണ്ടായിരുന്നത്?. സരിതയെ കാണുകയും അറിയുകയും മാത്രമല്ല, സരിതയെ ശരിക്കും ശരിക്കും അറിഞ്ഞ ആളാണ് നമ്മുടെ മുഖ്യമന്ത്രി എന്ന് പുറത്തു വന്നിരിക്കുകയല്ലേ?.

ക്ലിഫ് ഹൗസിന്റെ അടുക്കളയില്‍ വരെ കയറി ചെല്ലാന്‍ തനിക്ക് അനുവാദമുണ്ടായിരുന്നു എന്നാണ് സരിത പറയുന്നത്. ക്ലിഫ് ഹൗസിലേക്ക് കടക്കാന്‍ സരിതയ്ക്ക് പാസ്സു പോലും വേണ്ടായിരുന്നു. 2012 ആഗസ്റ്റില്‍ ക്ലിഫ് ഹൗസില്‍ നടത്തിയ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ചുരുക്കം ആളുകളില്‍ ഒരാളായിരുന്നു പോലും സരിത. മുഖ്യമന്ത്രിയുടെ സഹധര്‍മ്മിണിയെ ശുശ്രൂഷിക്കാനും സരിത തയ്യാറായിരുന്നു. സരിത പറയുന്നത് അനുസരിച്ച് ഉമ്മന്‍ചാണ്ടിയുടെ കുടുംബവുമൊത്ത് അവര്‍ പലതവണ ക്ലിഫ് ഹൗസിലും, തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും വെച്ച് ചായ മാത്രമല്ല, പലതും കഴിച്ചിട്ടുണ്ട്.

സര്‍,
2012 ഡിസംബര്‍ 27ന് ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ വിജ്ഞാന്‍ ഭവനില്‍ വെച്ച് സരിതയെ മുഖ്യമന്ത്രി കണ്ടൂ എന്നും ഈ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി പാവം പയ്യന്‍ ആണെന്നും വാര്‍ത്ത വന്നിരുന്നു. അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് ദേശീയ വികസന സമിതി യോഗം ഡിസംബര്‍ 29ന് ആണെന്നാണ്. നിയമസഭയിലും ഈ കള്ളമാണ് നേരത്തെ മുഖ്യമന്ത്രി പറഞ്ഞത്. അവസാനം സോളാര്‍ കമ്മീഷനു മുന്നില്‍ പറഞ്ഞു യോഗം ഡിസംബര്‍ 27ന് തന്നെയാണെന്ന്.

സര്‍,
ഈ കമ്മീഷനു മുമ്പില്‍ ഈ സത്യം പറയുന്നതിനു മുമ്പ് ഒരിക്കല്‍ എങ്കിലും നമ്മുടെ മുഖ്യമന്ത്രിക്ക് ഈ നിയമസഭയില്‍ സത്യം പറഞ്ഞു കൂടായിരുന്നോ?. എന്താണ് സാര്‍ അങ്ങയുടെ അഭിപ്രായം?. വളരെ വീറോടെ അന്ന് നിയമസഭയില്‍ ഒരു ഉളുപ്പുമില്ലാതെ പച്ചക്കള്ളം വിളിച്ചു പറഞ്ഞ ഈ വിദ്വാനെ എന്തു പറഞ്ഞാണ് സാര്‍ വിശേഷിപ്പിണ്‍ക്കേണ്ടത്? അത് ഞാന്‍ അങ്ങേയ്ക്ക് വിടുന്നു.

സര്‍,
സരിത, ശ്രീധരന്‍ നായരുമൊത്ത് സെക്രട്ടേറിയറ്റില്‍ വെച്ച് തന്നെ കണ്ടിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷന് മുന്നില്‍ പറഞ്ഞതും ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതും. എന്നാല്‍ കേസ് അന്വേഷിച്ച ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ എ.ഡി.ജി.പി ഹേമചന്ദ്രന്‍ കമ്മീഷന് നല്‍കിയ മൊഴിയില്‍ പറയുന്നത്, ഇവര്‍ മൂവരും ചേര്‍ന്ന് കൂടിക്കാഴ്ച നടത്തി എന്നാണ്.

സര്‍,
ഉമ്മന്‍ചാണ്ടി പറഞ്ഞ കള്ളങ്ങളുടെ പട്ടിക ഞാന്‍ ഇനിയും നീട്ടുന്നില്ല. ഇങ്ങനെ കള്ളങ്ങളിലും, അധാര്‍മ്മികതയിലും, നിയമവിരുദ്ധ നടപടികളിലും മുഴുകിയ ഒരു മുഖ്യമന്ത്രിയും, സഹമന്ത്രിമാരും നമുക്ക് വേണോ?. ഇതൊക്കെ മാധ്യമങ്ങള്‍ എടുത്തിട്ട് അലക്കുമ്പോഴും ഒരു ഉളുപ്പുമില്ലാതെ ഉമ്മന്‍ചാണ്ടി പറയുന്നത് തനിക്ക് ഏറ്റവും വലുത് മന:സാക്ഷി ആണെന്നാണ്. ഇത് എന്ത് മന:സാക്ഷിയാണ് സാര്‍?. വല്ല ഐ.എസ്.ഒ മന:സാക്ഷി വല്ലതും ആണോ?. ഏതായാലും വല്ലാത്ത മന:സാക്ഷി തന്നെ. ‘കോഴിയെ കട്ടത് എന്തിനാണെന്ന് ചോദിക്കുമ്പോള്‍ അത് പൊരിച്ചു തിന്നാന്‍ ആയിരുന്നു’ എന്നു പറയുന്ന കള്ളന്റെ മന:സാക്ഷിയല്ലേ നമ്മുടെ മുഖ്യമന്ത്രിയുടേത്.

സര്‍,
ഞാന്‍ അവസാനിപ്പിക്കുകയാണ്. ഇന്ന് ഇവിടെ അവതരിപ്പിക്കപ്പെട്ട അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്താല്‍ ഈ വൃത്തികേടുകളുടെ ഭീകരത മുഴുവന്‍ വെളിച്ചത്തു വരും. അത് തടയാനാണല്ലോ നിങ്ങള്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.

© 2024 Live Kerala News. All Rights Reserved.