പശ്ചിമബംഗാളിലെ റാണാഘട്ടില്‍ എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ റാണാഘട്ടില്‍ എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ബംഗ്ലാദേശ് സ്വദേശിയായ നസ്രുല്‍ (28) എന്ന യുവാവിനെയാണ് കൊല്‍ക്കത്തയിലെ സീല്‍ദാ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പിടികൂടിയത്. നസ്രുല്‍ കൊല്‍ക്കത്തയില്‍ എത്താന്‍ ശ്രമിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നേരത്തെ തന്നെ സീല്‍ദാ റെയില്‍വേ സ്‌റ്റേഷനിലെത്തിയിരുന്നു. ഈ സമയത്താണ് ബോണ്‍ഗോണ്‍ ലോക്കല്‍ ട്രെയിനില്‍ നിന്നും വന്നിറങ്ങിയ നസ്രുലിനെ അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ചിത്തരഞ്ജന്‍ നഗ് അറിയിച്ചു. രാജ്യത്തെ ആകമാനം ഞെട്ടിച്ച ക്രൂരത ചെയ്ത ശേഷം നസ്രുല്‍ ബംഗ്ലാദേശിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ എവിടെയോ ഒളിച്ചിരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അവിടുത്തെ പൊലീസ് പിന്തുടര്‍ന്നതോടെ അവിടെ നിന്നും ഭാരതത്തിലേയ്ക്ക് കടക്കാനായിരുന്നു അയാളുടെ ശ്രമമെന്നും നഗ് വ്യക്തമാക്കി. റാണാഘട്ടിലെ സ്‌കൂളിനോടു ചേര്‍ന്ന കോണ്‍വെന്റില്‍ മാര്‍ച്ച് 13ന് രാത്രിയാണ് 75കാരിയായ കന്യാസ്ത്രീയെ എട്ടു കവര്‍ച്ചക്കാര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. റാണാഘട്ടിലെ ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റിലെത്തിയ ആയുധധാരികളായ എട്ടംഗ കവര്‍ച്ചാ സംഘത്തെ തടയവെയാണ് കന്യാസ്ത്രീ ആക്രമിക്കപ്പെട്ടത്. 12 ലക്ഷത്തോളം രൂപയും പ്രതികള്‍ മോഷ്ടിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.