തൃശൂര്‍ ജൂണില്‍ തുടങ്ങുന്ന നിയമസഭാ സമ്മേളനം അവസാനിക്കുന്നതിനു മുന്‍പ് എല്‍ഡിഎഫ് ശിഥിലമാകുമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ആറു ഇടതു എംഎല്‍എമാരെങ്കിലും യുഡിഎഫില്‍ എത്തും. ഇടതുമുന്നണിയിലെ ചില കക്ഷികളും എത്തും. ഒരു പ്രമുഖ ഇടതുപാര്‍ട്ടിയുമായി നടത്തിയ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. ഇവരുമായി പല തട്ടിലുമുള്ള ചര്‍ച്ചകള്‍ നടത്തിവരുകയാണ്.
മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ പ്രസ്താവനയെ ശരിവയ്ക്കുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. എല്‍ഡിഎഫിലെ പ്രമുഖ ഘടകകക്ഷി യുഡിഎഫിലേക്ക് വരുമെന്ന് മുസ്!ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, ജനതാദള്‍ (എസ്) എംഎല്‍എമാര്‍ ഇടതുമുന്നണി വിടുമെന്ന പ്രചാരണം അസംബന്ധമെന്ന് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി. തോമസ് പറഞ്ഞു. അഴിമതിക്കെതിരെ നിരന്തരം സംസാരിക്കുന്ന ജെഡി (യു) സര്‍ക്കാരിന്റെ അഴിമതിയുടെ ഭാഗമാകാതെ പുറത്തുവരുകയാണു ചെയ്യേണ്ടത്. ദീര്‍ഘകാലമായി എല്‍ഡിഎഫിന്റെ ഭാഗമാണു ജെഡി (എസ്). പാര്‍ട്ടി വര്‍ഷങ്ങളായി സ്വീകരിക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പാര്‍ട്ടി എംഎല്‍എമാരുടെ നിലപാടിലും അണുവിട മാറ്റമില്ല. എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണമെന്നാണു പാര്‍ട്ടി നിലപാട്. മറിച്ചുള്ള വാര്‍ത്തകളെല്ലാം ഭാവനാ സൃഷ്ടികള്‍ മാത്രമാണ്.
ജനതാ പരിവാര്‍ ലയനം എല്ലാവരുടെയും സ്വപ്നമാണ്. അതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നു ജെഡി (എസ്) ദേശീയ നേതൃത്വത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം