ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥിക്കെതിരെ വ്യാജ പരാതി നല്‍കിയത് എബിവിപി പ്രവര്‍ത്തകന്‍; ആക്രമണത്തിനിരയായെന്ന സുശീല്‍കുമാറിന് പരിക്കുകളൊന്നുമില്ലെന്ന് ആശുപത്രി രേഖകള്‍

ഹൈദരാബാദ്: സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കപ്പെട്ട ദളിത്് ഗവേഷക വിദ്യാര്‍ഥി രോഹിത് വേമുലയ്‌ക്കെതിരെ എബിവിപി പ്രവര്‍ത്തകന്‍ സുശീല്‍കുമാര്‍ നല്‍കിയത് വ്യാജപരാതിയെന്ന് ആശുപത്രി രേഖകള്‍. രോഹിതും സംഘവും തന്നെ ആക്രമിച്ചുവെന്ന എബിവിപി പ്രസിഡന്റ് നന്ദനം സുശീല്‍ കുമാറിന്റെ പരാതിയിലാണു സര്‍വകലാശാല ദളിത് യുവാവിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍, സുശീലിന്റെ പരാതിയിലെ വാദങ്ങള്‍ വ്യാജമാണെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. പരിക്കേറ്റുവെന്നു പറഞ്ഞ് കഴിഞ്ഞ ഓഗസ്റ്റ് നാലിനു പുലര്‍ച്ചെ സുശീല്‍ ആശുപത്രിയിലെത്തിയിരുന്നു. രണ്ടു ദിവസം അവിടെ കഴിഞ്ഞ ശേഷം വയറ്റില്‍ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായി. എന്നാല്‍, ആശുപത്രിയിലെത്തുമ്പോള്‍ സുശീലിനു പരുക്കുകളൊന്നുമില്ലായിരുന്നുവെന്നും ഇടതു തോളില്‍ നേരിയ പോറല്‍ മാത്രമേ കണ്ടുള്ളൂവെന്നും ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. ചെന്ന റെഡ്ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപ്പന്‍ഡിസൈറ്റിസ് ബാധിതനായിരുന്നതിനാലാണു സുശീലിനു വയറു വേദന വന്നത്. രോഹിതിന്റെയും സംഘത്തിന്റെയും ആക്രമണത്തില്‍ തനിക്കു വയറ്റില്‍ ഗുരുതര പരുക്കേറ്റുവെന്ന സുശീലിന്റെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണീ റിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.