ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ; രാജ്യം പ്രതിഷേധാഗ്നിയില്‍; ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പത്ത് അധ്യാപകര്‍ ജോലി രാജിവെച്ചു

ഹൈദരാബാദ്: ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ രാജ്യത്ത് പ്രതിഷേധം കത്തിപടരുന്നു. ക്യാംപസില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പിന്നോക്കവിഭാഗത്തില്‍പ്പെട്ട പത്ത് അധ്യാപകര്‍ രാജിവെച്ചു. ഭരണപരമായ എല്ലാ പദവികളില്‍ നിന്നും ഇവര്‍ രാജിവെച്ചതായി അറിയിച്ചു. അതേസമയം രോഹിതിന്റെ ആത്മഹത്യയില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി നിയോഗിച്ച കമ്മിറ്റി ഇന്നലെ രാത്രിയോടെ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സര്‍വകലാശാല ക്യാമ്പസ് എത്തുന്നുണ്ട്. കേന്ദ്രമന്ത്രി ബന്ധാരു ദത്താത്രേയയെ പുറത്താക്കുക, മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി രാജിവെക്കുക, സര്‍വകലാശാല വിസി അപ്പറാവുവിനെ സസ്‌പെന്‍ഡ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാരം ഇന്നും തുടരുകയാണ്. നൂറോളം വിദ്യാര്‍ഥികളാണ് നിരോധനാജ്ഞയ്ക്കിടയിലും നിരാഹാര സമരവുമായി മുന്നോട്ട് പോകുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് വലിയതോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.