സിറിയയില്‍ കൂട്ടക്കൊല; സ്ത്രീകളും കുട്ടികളും വയോധികരുമടക്കം മുന്നൂറോളം പേര്‍ മരിച്ചു

ബെയ്‌റൂട്ട്: കിഴക്കന്‍ സിറിയയിലെ ദെയ്ര്‍ അല്‍ സൂറില്‍ കൂട്ടക്കൊല. സ്ത്രീകളും കുട്ടികളും വയോധികരുമടക്കം മുന്നൂറോളം പേരെ ഐ.എസ് ഭീകരര്‍ കൂട്ടക്കൊല ചെയ്തു. കിഴക്കന്‍ സിറിയയിലെ ദെയ്ര്‍ അല്‍ സൂറിലായിരുന്നു സംഭവം. നൂറുകണക്കിനു നഗരവാസികളെ ഐ.എസ്. ബന്ദിയാക്കിയെന്നു റിപ്പോര്‍ട്ട്. പട്ടണം പിടിച്ചെടുത്തതിനു പിന്നാലെയായിരുന്നു കൂട്ടക്കൊല സംഭവിച്ചത്.
സിറിയന്‍ സൈനികരും സര്‍ക്കാര്‍ അനുകൂലികളും അവരുടെ കുടുംബാംഗങ്ങളുമാണ് ഐ.എസ്. ആക്രമണത്തിന് ഇരയായിരിക്കുന്നത്. വെടിവച്ചും തലയറുത്തുമാണു മനുഷ്യക്കുരുതി നടത്തിയത്. ജഡങ്ങള്‍ യൂഫ്രട്ടീസ് നദിയിലെറിഞ്ഞു. ദെയ്ര്‍ അല്‍സൂര്‍ പ്രവിശ്യയിലെ മിക്ക ജില്ലകളും ഐ.എസിന്റെ നിയന്ത്രണത്തിലാണ്. ചാവേര്‍ സ്‌ഫോടനത്തോടെയാണ് കൂട്ടക്കുരുതി തുടങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ചയാണു ദെയ്ര്‍ അല്‍ സൂര്‍ ഐ.എസിന്റെ നിയന്ത്രണത്തിലായത്. നഗരം പിടിക്കാനുള്ള ഏറ്റുമുട്ടലില്‍ ശനിയാഴ്ച 85 നഗരവാസികളും 50 സൈനികരും കൊല്ലപ്പെട്ടിരുന്നു. ദെയ്ര്‍ അല്‍ സൂര്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് ദെയ്ര്‍ അല്‍ സൂര്‍ നഗരം. പ്രവിശ്യയുടെ 60 ശതമാനവും ഐ.എസിന്റെ നിയന്ത്രണത്തിലാണ്. പ്രവിശ്യ തിരിച്ചുപിടിക്കാനുള്ള ശ്രമം റഷ്യയുടെ പിന്തുണയോടെ ബാഷര്‍ അല്‍ അസദ് ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.