സിറിയയിലെ വിമത മേഖലകളില്‍ കനത്ത വ്യോമാക്രമണം,136ലധികം പേര്‍ കൊല്ലപ്പെട്ടു

ഡമാസ്‌ക്കസ്: സിറിയയിലെ വിമതമേഖലകളില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന കനത്ത വ്യോമാക്രമണങ്ങളില്‍ 136 പേര്‍ കൊല്ലപ്പെട്ടു. ഡമാസ്‌ക്കസിലെ കിഴക്കന്‍ ഗോട്ടുവയിലാണ് സിറിയയുടേയും റഷ്യയുടേയും സംയുക്ത സൈന്യം വ്യോമാക്രമണം നടത്തിയത്.

തിങ്കളാഴ്ച 30 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ചൊവ്വാഴ്ച 80 പേരും ബുധനാഴ്ച 26 പേരും കൊല്ലപ്പെട്ടു. ഇതില്‍ 22 കുട്ടികളും 21 സ്ത്രീകളും ഉള്‍പ്പെടും. 2013 മുതല്‍ വിമതരുടെ നിയന്ത്രണത്തിലായ മേഖലയില്‍ തിങ്കളാഴ്ച മുതല്‍ ശക്തമായ ബോംബ് ആക്രമണമാണ് സര്‍ക്കാര്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിനിടെ ഡമാസ്‌ക്കസിനു സമീപം ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി സിറിയന്‍ സര്‍ക്കാര്‍ ആരോപിച്ചു. ഡമാസ്‌ക്കസിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയാണ് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. ഭീകരരെ സഹയാക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തിന്റെ ഭാഗമാണിതെന്നും സിറിയ ആരോപിച്ചു.

ഡമാസ്‌ക്കസിന്റെ വടക്കുപടിഞ്ഞാറ് ജാമരിയയില്‍ സൈന്യത്തെ ലക്ഷ്യമാക്കി ബുധനാഴ്ച പുലര്‍ച്ചെയാണ് ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. വാര്‍ത്താ ഏജന്‍സിയായ സനയ്ക്കു നല്‍കിയ പ്രസ്താവനയിലാണ് സിറിയന്‍ സര്‍ക്കാര്‍ ആരോപണം ഉന്നയിച്ചത്.