ലൈംഗികവ്യാപാരത്തിനായി വിദേശത്തേക്ക് യുവതികളെ കടത്തുന്ന സംഘത്തിലെ ദമ്പതികള്‍ പിടിയില്‍; ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ബന്ധമുള്ളവരാണ് പ്രതികള്‍

മുംബൈ: ലൈംഗിക വ്യാപാരത്തിനായി യുവതികളെ ബഹ്‌റൈനിലെക്ക് കടത്തുന്ന സംഘത്തിലെ ദമ്പതികളായ അബ്ദുല്‍ നസീറും ഷാജിതയുമാണ് അറസ്റ്റിലായത്. മുംബൈ വിമാനത്താവളത്തില്‍ വച്ചാണു ഭീകരവിരുദ്ധ സേന ഇവരെ പിടികൂടിയത്. മുംബൈയില്‍ എത്തിയ ശേഷം ചെന്നൈ വഴി രക്ഷപ്പെടാനായിരുന്നു നീക്കം. ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരക്കേസിലെ പ്രതി ജോയിസ് ജോഷിയും സംഘവും ഒന്നരവര്‍ഷത്തിനിടെ കെണിയില്‍പ്പെടുത്തി ബഹ്‌റൈനിലേക്കു കടത്തിയത് മലയാളികളടക്കം 63 യുവതികളെയാണ്. നെടുമ്പാശ്ശേരിയടക്കം നാല് വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണു മനുഷ്യക്കടത്തു നടന്നിരുന്നതെന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. 2014 മുതല്‍ 2015 സെപ്റ്റംബര്‍ 24 വരെ വിദേശത്തു ജോലി വാങ്ങിത്തരാമെന്ന വ്യാജേന സംഘം ബഹ്‌റൈനിലേക്കു കടത്തിയ 63 പേരുടെ വിവരങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചത്. ഡിജിപി ടി.പി.സെന്‍കുമാര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് മനുഷ്യക്കടത്ത് ഇടപാടുകളുടെ അന്വേഷണത്തിനു ചുക്കാന്‍ പിടിക്കുന്നത്. പിടിയിലായവര്‍ക്ക് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘവുമായി ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചു.

© 2024 Live Kerala News. All Rights Reserved.