സല്‍മാന്‍ ഖാനെതിരായ അന്വേഷണത്തില്‍ വീഴ്ച്ച; മുംബൈ പൊലീസിന്റെ കുറ്റസമ്മതം

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്‍ മദ്യപിച്ച് വാഹനമോടിച്ച് നടപ്പാതയില്‍ കിടന്നുറങ്ങിയിരുന്നയാളെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച്ച പറ്റിയെന്ന് മുംബൈ പൊലീസ്. കേസ് അന്വേഷണത്തിലെ പ്രധാനപ്പെട്ട വീഴ്ചകളും പൊരുത്തമില്ലായ്മയും ചൂണ്ടിക്കാട്ടി മുംബൈ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെഎംഎം പ്രസന്ന നഗരത്തിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു. വിസ്താരവേളയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയ തെളിവുകളുടെ അഭാവവും തെളിവു ശേഖരിക്കുന്നതില്‍ പറ്റിയ പിഴവുകളും ഉള്‍പ്പെടുത്തിയാണ് സര്‍ക്കുലര്‍.

പ്രധാനമായും 16 കാര്യങ്ങളാണ് സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നത്. സല്‍മാന്‍ ഖാന്‍ മദ്യപിച്ചതായി പറയുന്ന സാന്താക്രൂസിലുള്ള ബാറിലെ ബില്‍ സംബന്ധിച്ച് ആവശ്യമായ തെളിവില്ല. ബാറില്‍ നിന്ന് സല്‍മാന്‍ എവിടേയ്ക്കാണ് പോയതെന്നത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഇത് മൂലം കഴിഞ്ഞില്ലെന്നും വിമര്‍ശനമുയര്‍ന്നു. 2002 സെപ്റ്റംബര്‍ 28ന് തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാകാന്‍ എത്തുകയും ബാന്ദ്ര പൊലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയും ചെയ്ത സല്‍മാനെ ഏറെ വൈകി മാത്രമാണ് രക്തസാമ്പിള്‍ ശേഖരിക്കാനായി ജെജെ ആശുപത്രിയില്‍ കൊണ്ടുപോയത്.

കൊല്ലപ്പെട്ട നരൂലയുടെ രക്തമെടുത്തത് ഭാഭ ആശുപത്രിയിലായിരിക്കെ എന്തിനാണ് സല്‍മാനെ ജെജെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയതെന്നതിലും വ്യക്തതയില്ല. ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്ന വാദവും പ്രതിഭാഗം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ടയര്‍ പരിശോധനയ്ക്കായി ലബോറട്ടറിയിലേയ്ക്ക് അയച്ചിരുന്നില്ല. പ്രധാന സാക്ഷികളില്‍ ഒരാളായി നടന്‍ കമല്‍ ഖാന്‍ ഉണ്ടായിരുന്നിട്ടും അന്വേഷണസംഘം അദ്ദേഹത്തെ ഹാജരാക്കാന്‍ ശ്രമിച്ചില്ലെന്നും സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു.