ജഡ് ജിന് സ്ഥലമാറ്റം; ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ജയില്‍വാസം നീളും

ജോധ്പുര്‍: കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ജയില്‍വാസം നീളുമെന്ന് സൂചന. സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷന്‍സ് ജഡ്ജിനെ സ്ഥലം മാറ്റിയതോടെയാണ് താരത്തിന്റെ ജയില്‍മോചനം വീണ്ടും പരുങ്ങലിലായത്.

87 ജില്ലാ ജഡ്ജിമാര്‍ക്കൊപ്പമാണ് സെഷന്‍സ് ജഡ്ജായ രവീന്ദ്ര കുമാര്‍ ജോഷിയെയും രാജസ്ഥാന്‍ ഹൈക്കോടതി സ്ഥലം മാറ്റിയത്. ശനിയാഴ്ചയാണ് ജോഷി കേസ് പരിഗണിക്കേണ്ടിയിരുന്നത്.

1998 ഒക്ടോബറില്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസില്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചിരുന്നു. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സോണാലി ബിന്ദ്ര എന്നീ ബോളിവുഡ് താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

നിലവില്‍ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ടാംനമ്പര്‍ ബാരക്കില്‍ 106-ാം നമ്പര്‍ തടവുകാരനായാണ് സല്‍മാനെ പാര്‍പ്പിച്ചിരിക്കുന്നത്.