ട്രംപിന് തിരിച്ചടി; ലൈം​​​ഗികാരോപണ കേസിൽ കുറ്റക്കാരനെന്ന് കോടതി

By Live Kerala News Desk,

വാഷിങ്‌ടൺ: ലൈം​​​ഗികാരോപണ കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി ന്യൂയോർക്ക് ​ഗ്രാൻഡ് ജ്യൂറി. ട്രംപിനോട് അടുത്ത ആഴ്ച കീഴടങ്ങാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടും. മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ നേതൃത്വത്തിൽ അഞ്ച് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

പോൺ താരം സ്‌റ്റോമി ഡാനിയൽസിന് 2016-ലെ തെരഞ്ഞെടുപ്പിന് മുൻപ് ട്രംപ് 1,30,000 ഡോളർ നൽകിയെന്നാണ് കേസ്. ട്രംപുമായുള്ള ബന്ധം രഹസ്യമായി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പണം നൽകിയതെന്നായിരുന്നു ആരോപണം.എന്നാൽ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നാണ് ട്രംപ് പണം കൈമാറിയതെന്നും അതുവഴി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമാണ് പ്രധാന ആരോപണം.

അതേസമയം നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ട്രംപ് പ്രതികരിച്ചു. ഇതിനെതിരെ നിയമപരമായി നേരിടുമെന്നും ട്രംപിന്റെ അഭിഭാഷകൻ പറഞ്ഞു. തനിക്കെതിരെ കുറ്റം ചുമത്തിയാൽ ശക്തമായി പ്രതിഷേധിക്കണമെന്ന് ട്രംപി നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.

സ്റ്റോമി ഡാനിയൽസുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ട്രംപ് നിഷേധിച്ചിട്ടുണ്ട്. എന്നാൽ, താരത്തിന് പണം നൽകിയെന്ന് അദ്ദേഹം സമ്മതിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നല്ല തന്റെ കൈയിൽ നിന്നാണ് പണം നൽകിയതെന്നാണ് ട്രംപ് പറഞ്ഞത്.

രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും 3000 കടന്ന് കൊവിഡ് കേസുകൾ

By Live Kerala News Desk,

ഡൽഹി: രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകൾ 3000 കടന്നു. 24 മണിക്കൂറിനിടെ 3095 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 3016 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്.

സംസ്ഥാനത്തും കൊവി‍ഡ് രോഗികളുടെ എണ്ണത്തിലു വലിയ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 765 പേർക്ക് കൊവി‍ഡ് സ്ഥിരീകരിച്ചു. ഒരുമാസത്തിനിടെ 20 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഒമിക്രോൺ വ്യാപനം തടയാൻ പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിർദ്ദേശം നൽകി. സർക്കാർ, സ്വകാര്യ ആശുപത്രികൾ കൊവി‍ഡ് രോഗികൾക്ക് പ്രത്യേകം കിടക്കകൾ മാറ്റിവയ്ക്കണം. ജീവിതശൈലി രോഗമുള്ളവർ, ഗർഭിണികൾ, പ്രായമാവയവർ, കുട്ടികൾ എന്നിവർ ലക്ഷണം കണ്ടാൽ പരിശോധിക്കണമെന്നാണ് നിർദ്ദേശം.

ആർസിസി, മലബാർ കാൻസർ സെന്റർ, ശ്രീചിത്ര ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവ കോവിഡ് രോഗികൾക്ക് പ്രത്യേകം കിടക്ക മാറ്റിവെക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകൾ പ്രത്യേകം റിപോർട്ട് ചെയ്യാനും ആശുപത്രികൾക്ക് നിർദേശം നൽകി. ജീവിതശൈലി രോഗം ഉളളവർ, ഗർഭിണികൾ, പ്രായമായവർ , കുട്ടികളും ലക്ഷണം കണ്ടാൽ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു മാസത്തിനിടെ 20 കോവിഡ് മരണം ഉണ്ടായിട്ടുള്ളതിൽ 60 വയസിന് മുകളിൽ പ്രായമുള്ളവരാണ് അധികവും. ഐസിയുവിൽ ചികിത്സയിലുള്ളവരിലധികവും പ്രായമുള്ളവരാണ്. അവരിൽ പ്രമേഹവും, രക്താദിമർദവും തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരാണ് അധികവും. പ്രമേഹം, രക്താദിമർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗർഭിണികളും, കുട്ടികളും മാസ്‌ക് കൃത്യമായി ധരിക്കണം. ഇവർ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.

സംസ്ഥാനത്ത് ബജറ്റ് നിർദ്ദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ, ഈ വസ്തുക്കൾക്ക് വില കുത്തനെ ഉയരും

By Live Kerala News Desk,

സംസ്ഥാനത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ. ബജറ്റിലെ നിർദ്ദേശങ്ങൾ നിലവിൽ വരുന്നതോടെ, പെട്രോളിനും ഡീസലിനും നാളെ മുതൽ രണ്ട് രൂപ അധികം നൽകണം. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും, 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് വില വർദ്ധിക്കുക. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. കൂടാതെ, ഫ്ലാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കും ഉള്ള മുദ്രവില 2 ശതമാനം ഉയരും.

മൈനിംഗ് ആൻഡ് ജിയോളജി മേഖലകളിൽ പാറകളുടെ വലിപ്പവും തരവും അടിസ്ഥാനമാക്കി വ്യത്യസ്ഥ വില സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം നാളെ മുതലാണ് നിലവിൽ വരിക. ഒറ്റത്തവണ ഫീസ് വർദ്ധിപ്പിച്ചതോടെ, പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ വിലയും വർദ്ധിക്കും. പുതുതായി വാങ്ങുന്ന ഇരുചക്ര വാഹനങ്ങളുടെ നികുതിയിൽ 2 ശതമാനം വരെ വർദ്ധനവാണ് ഉണ്ടാവുക. ഇതിനോടൊപ്പം തന്നെ കോർട്ട് ഫീ സ്റ്റാമ്പ് നിരക്കും, മാനനഷ്ട കേസ് ഉൾപ്പെടെയുള്ള കേസുകളുടെ കോടതി ഫീസും വർദ്ധിക്കുന്നതാണ്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയാണ് സംസ്ഥാനത്ത് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്.

രാഹുലിന് വീണ്ടും’മോദി’ പരാമര്‍ശ കുരുക്ക്, മാനനഷ്ടക്കേസിൽ ഹാജരാവാൻ പാറ്റ്ന കോടതിയുടെയും നോട്ടിസ്

By Live Kerala News Desk,

ന്യൂഡൽഹി: മോദി വിരുദ്ധ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിക്ക് വീണ്ടും കുരുക്ക് മുറുകുന്നു.സൂററ്റിലേതിന് സമാന കേസിൽ പാറ്റ്ന കോടതിയിൽ ഹാജരാകാൻ രാഹുലിന് നോട്ടീസ് കിട്ടി .ഏപ്രിൽ 12 ന് ഹാജരായി മൊഴി നൽകണം .ബി ജെ പി നേതാവ് സുശീൽ മോദി നൽകിയ പരാതിയിലാണ് നടപടി . അതേസമയം അവിടെ ഹാജരാകാന്‍ രാഹുൽ തീയതി നീട്ടി ചോദിച്ചേക്കും. കോലാർ സന്ദർശനത്തിന് മുൻപ് അപകീർത്തി കേസിൽ രാഹുൽ ഗാന്ധി അപ്പീൽ ഫയൽ ചെയ്യുമെന്ന് എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി.

ഏപ്രില്‍ 5നാണ് രാഹുല്‍ കോലാര്‍ സന്ദര്‍ശിക്കുന്നത്.വയനാട് സന്ദർശിക്കാനും ആലോചനയുണ്ട്.നേരിട്ടെത്തി ജനങ്ങളോട് സംസാരിക്കാൻ രാഹുലിന് താൽപര്യമുണ്ട്. മണ്ഡലത്തിൽ എത്തണമെന്ന ആവശ്യം വയനാട്ടിൽ നിന്ന് ശക്തവുമാണ്. 2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് വിവാദമായത്. ‘എല്ലാ കള്ളന്മാരുടേയും പേര് മോദിയെന്ന് ആയതെങ്ങനെ’ എന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം.

കള്ള് ഷാപ്പുകളുടെ ലൈസൻസ്: സമയപരിധി രണ്ട് മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് സർക്കാർ

By Live Kerala News Desk,

സംസ്ഥാനത്ത് കള്ള് ഷാപ്പുകളുടെ ലൈസൻസുമായി ബന്ധപ്പെട്ട സമയപരിധി ദീർഘിപ്പിച്ച് സർക്കാർ. കള്ള് ഷാപ്പുകളുടെ ലൈസൻസ് രണ്ട് മാസത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. കള്ള് ഷാപ്പുകളുടെ ലേലം ഓൺലൈൻ ആക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ നേരിട്ട കാലതാമസവും, അബ്കാരി നയത്തിന് അന്തിമരൂപവും ആകാത്തതിനെ തുടർന്നാണ് സമയപരിധി വീണ്ടും നീട്ടിയിരിക്കുന്നത്.

കള്ള് ഷാപ്പുകൾ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണതയും, വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്ക് കാരണം തടസ്സങ്ങൾ നേരിടുന്നതിനെ തുടർന്നാണ് ഓൺലൈനായി വിൽപ്പന നടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കാനും, അബ്കാരി ഷോപ്പ് ഡിസ്പോസൽ ചട്ടങ്ങളിൽ ഭേദഗതി വരുത്താനും സർക്കാർ തീരുമാനിച്ചിരുന്നു. അതേസമയം, കള്ള് ഷാപ്പുകൾക്ക് വിവിധ ക്ലാസിഫിക്കേഷൻ അനുസരിച്ച് സ്റ്റാർ പദവി നൽകാനുള്ള തീരുമാനവും സർക്കാരിന്റെ ആലോചനയിൽ ഉണ്ട്.

സൂര്യനിൽ ഭൂമിയുടെ 20 മടങ്ങ്‌വരെ വലുപ്പമുള്ള ദ്വാരങ്ങൾ രൂപപ്പെട്ടു

By Live Kerala News Desk,

വാഷിംഗ്ടൺ: ഭൂമിയുടെ വലുപ്പത്തെക്കാൾ 20 മുതൽ 30 മടങ്ങ് വലുപ്പമേറിയ രണ്ട് സൗരകളങ്കങ്ങൾ സൂര്യനിൽ രൂപപ്പെട്ടതായി കണ്ടെത്തി നാസ. സൂര്യന്റെ നാം കാണുന്ന ഭാഗമായ പ്രഭാമണ്ഡലത്തിൽ രൂപം കൊള്ളാറുള്ള പ്രകാശതീവ്രത കുറഞ്ഞ ഭാഗങ്ങളാണ് സൗരകളങ്കങ്ങൾ. സൂര്യനിൽ വലിയ ദ്വാരങ്ങൾ പോലെ ഇവ കാണാം. മാ‌ർച്ച് മാസമാദ്യം ഭൂമിയെക്കാൾ 30 മടങ്ങ് വലുപ്പമേറിയ സൗരകളങ്കം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനെക്കാൾ അൽപം വലുപ്പം കുറഞ്ഞ മറ്റൊരു സൗരകളങ്കം കണ്ടെത്തിയത്. ഇതിനും ഭൂമിയെക്കാൾ 18 മുതൽ 20 മടങ്ങ് വലുപ്പമുണ്ട്.

ഇവയിൽ ആദ്യത്തെ ദ്വാരം ശക്തമായ സൗരകൊടുങ്കാറ്റിന് വഴിയൊരുക്കി. ഇത് ബഹിരാകാശത്ത് കൃത്രിമോപഗ്രഹങ്ങൾക്കും ധ്രുവദീപ്‌തിയെ വരെ ബാധിക്കുകയും ചെയ്‌തു. രണ്ടാമത് കണ്ട സൗരകളങ്കത്തെ ആസ്‌പദമാക്കി യുഎസ് നാഷണൽ ഓഷ്യാനിക്ക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്‌മിനിസ്‌ട്രേഷൻ (എൻഒഎഎ) ഈ ആഴ്‌ച അവസാനത്തോടെ സൗരകാറ്റിൽ ശക്തി വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മണിക്കൂറിൽ 18ലക്ഷം മൈൽ വേഗമേറിയ സൗര കാറ്റ് ഭൂമിയിലേക്ക് വെള്ളിയാഴ്‌ചയോടെ എത്തുമെന്നാണ് കരുതുന്നത്. ഈസമയം ധ്രുവപ്രദേശത്ത് ധ്രുവദീപ്‌തി വ്യക്തമാകാൻ ഇടയുണ്ട്. ഇവ കൃത്രിമോപഗ്രഹങ്ങളെ ദോഷമായി ബാധിക്കാനും അതേസമയം മനുഷ്യർക്ക് മനോഹരമായ ധ്രുവദീപ്‌തി സമ്മാനിക്കാനും സാദ്ധ്യതയുണ്ട്.

സൂര്യന്റെ ഏറ്റവും പുറമേയുള്ള പ്ളാസ്‌മ നിറഞ്ഞ ഭാഗമായ കൊറോണയിൽ കാണുന്ന കൊറോണൽ ദ്വാരത്തിൽ നിന്നാണ് സൗരകൊടുങ്കാറ്റ് ഉണ്ടാകുന്നത്. സൂര്യന്റെ മറ്റ് ഭാഗത്തെ അപേക്ഷിച്ച് അൽപം തണുത്ത ഭാഗമായ ഇവിടം ഇരുണ്ട് ദ്വാരമായി നമുക്ക് കാണപ്പെടും.

സൂര്യനിൽ ഇടയ്‌ക്കിടെ കടുത്ത റേഡിയേഷൻ വമിക്കുന്ന പൊട്ടിത്തെറികളായ സൗരജ്വാലകൾ ഉണ്ടാകാറുണ്ട്. ഇവ മിനുട്ടുകളോ മണിക്കൂറുകളോ നീണ്ടുനിൽക്കുന്നവയാണ്. ഇവയിൽ പല കാറ്റഗറികളിലായി അപകടമില്ലാത്തവ മുതൽ ഭൂമിയെ തീവ്രമായി ബാധിക്കുന്നവ തന്നെയുണ്ടാകാം. 2019 ഡിസംബർ മുതൽ സൂര്യനിൽ ഇത്തരം പ്രതിഭാസങ്ങൾ മുൻപത്തെക്കാൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളിൽ റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കും; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

By Live Kerala News Desk,

24 മണിക്കൂറിനുള്ളിൽ റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടു. സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകിക്കൊണ്ട് അങ്ങനെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ അത് എങ്ങനെയെന്ന് വിശദീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.

2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാനത്തോടെ യുദ്ധം അവസാനിച്ചില്ലെങ്കിൽ വീണ്ടും വൈറ്റ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു ദിവസത്തിനുള്ളിൽ സമാധാനം സ്ഥാപിക്കുമെന്ന് ട്രംപ് അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉക്രെയ്‌നിലെ വോലോഡൈമർ സെലെൻസ്‌കിയും താനും തമ്മിലുള്ള ചർച്ചകൾ എളുപ്പമായിരിക്കുമെന്ന് അദ്ദേഹം ഔട്ട്‌ലെറ്റിനോട് പറഞ്ഞു.

“ഇത് പരിഹരിച്ചില്ലെങ്കിൽ, സെലെൻസ്‌കിയുമായും പുടിനുമായും 24 മണിക്കൂറിനുള്ളിൽ ഞാൻ അത് പരിഹരിക്കും, വളരെ എളുപ്പമുള്ള ചർച്ചകൾ നടക്കാനുണ്ട്, പക്ഷേ അത് എന്താണെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നില്ല, കാരണം എനിക്ക് അത് ഉപയോഗിക്കാൻ കഴിയില്ല. ,” ട്രംപ് പറഞ്ഞു. ഒന്നര വർഷത്തേക്ക് ചർച്ചകൾ ആരംഭിക്കില്ലെന്ന് മുൻ യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു, അതിനിടയിൽ യുദ്ധം കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 10ന്

By Live Kerala News Desk,

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് 13 ന് നടക്കും.

മാര്‍ച്ച്‌ 30ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രികകള്‍ ഏപ്രില്‍ 20 വരെ സമര്‍പ്പിക്കാം. 21നാണ് സൂക്ഷ്മ പരിശോധന. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 24 ആണ്.

കര്‍ണാടകയില്‍ ആകെ 224 സീറ്റുകളാണ് ഉള്ളത്. 9.17 ലക്ഷം കന്നി വോട്ടര്‍മാരാണ് കര്‍ണാടകയില്‍ ഉള്ളത്. 80 വയസിന് മുകളില്‍ 12.15 ലക്ഷം വോട്ടേഴ്‌സ് കര്‍ണാടകയിലുണ്ട്. 80 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് പരിഗണന നല്‍കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ശാരീരിക പരിമിതി ഉള്ളവര്‍ക്കും പരിഗണ നല്‍കും.ഏപ്രില്‍ മാസത്തില്‍ പതിനെട്ട് വയസ് തികഞ്ഞാല്‍ വോട്ട് രേഖപ്പെടുത്താം. ആകെ 52,282 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കുക. ഗോത്രവിഭാഗങ്ങള്‍ക്കായി പ്രത്യേക ബൂത്തുകള്‍ സജ്ജമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

പൂതന പരാമര്‍ശം ഒരു വ്യക്തിയെ ഉദ്ദേശിച്ച്‌ നടത്തിയതല്ല; കെ സുരേന്ദ്രന്‍

By Live Kerala News Desk,

പൂതന പരാമര്‍ശം ഒരു വ്യക്തിയെ ഉദ്ദേശിച്ച്‌ നടത്തിയതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.കുബുദ്ധികളായ ചിലര്‍ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തി എടുത്ത് വിമര്‍ശിക്കുകയാണ്.അസുര കാലത്തിന്റെ പ്രതീകമായി പൂതന പരാമര്‍ശം എല്ലാവരും നടത്തുന്നതാണ്.കോണ്‍ഗ്രസിലെ വനിത നേതാക്കളെ അപഹസിച്ചപ്പോള്‍ അവര്‍ കേസ് കൊടുത്തിട്ടില്ല.കേസില്‍ കോടതി തീര്‍പ്പ് വരുത്തട്ടെ .

താന്‍ ഇവിടെത്തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു

സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു; 20 മരണം; അപകടത്തിൽ പെട്ടത് ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ സഞ്ചരിച്ച ബസ്

By Live Kerala News Desk,

റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു. സൗദിയുടെ തെക്കൻ പ്രവിശ്യയായ അബഹയിലായിരുന്നു അപകടം. അപകടത്തിൽ 20 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന ബസ് തീപിടിച്ച് കത്തിയമരുകയായിരുന്നു. ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്

അപകടത്തിൽ 29 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ മഹായിലെയും അബഹയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

.

ബ്രഹ്മപുരത്ത് തീവെച്ചതിന് തെളിവില്ല;തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട്, പോലീസ് അന്വേഷണ റിപ്പോര്‍ട്ട്

By Live Kerala News Desk,

ബ്രഹ്മപുരത്ത് തീവെച്ചതിന് തെളിവില്ലെന്ന് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആരെങ്കിലും തീ വെച്ചതായി തെളിവ് കിട്ടിയിട്ടില്ല.

ബ്രഹ്മപുരത്ത് 12 ദിവസം നീണ്ടു നിന്ന തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട് മൂലമാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

തീപിടിത്തത്തിന് കാരണം മാലിന്യത്തിന് തീയിട്ടതാണെന്ന ആരോപണം സാധൂകരിക്കുന്ന തെളിവുകളൊന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. തീപിടിത്തം ഉണ്ടായ സെക്ടര്‍ ഒന്നിലെ സിസിടിവിയില്‍ തീ കത്തിത്തുടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടിമറി സാധ്യത പൂര്‍ണമായും റിപ്പോര്‍ട്ടില്‍ തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് സൂചന.പ്ലാന്റിലെ ജീവനക്കാരും കരാര്‍ കമ്ബനി അധികൃതരും നാട്ടുകാരും ഉള്‍പ്പെടെ അമ്ബതോളം പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്വേഷണം നടത്തി. എന്നാല്‍ തീയിട്ടതിന് തെളിവുകളൊന്നും ലഭിച്ചില്ല. തീ അണഞ്ഞശേഷം വിദഗ്ധരുടെ സഹായത്തോടെ പ്ലാന്റില്‍ പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മാലിന്യത്തിന്റെ അടിത്തട്ടില്‍ താപനില വളരെ കൂടിയ നിലയിലാണ്. മാലിന്യകൂമ്ബാരത്തിന്റെ മുകള്‍ത്തട്ടില്‍ 34 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടായിരുന്നപ്പോള്‍, രണ്ടടി താഴ്ചയില്‍ 45 ഡിഗ്രിയായിരുന്നു താപനില. വലിയ മാലിന്യകൂമ്ബാരത്തിന്റെ അടിത്തട്ടിലേക്ക് എത്തുമ്ബോള്‍ താപനില ഇനിയും ഉയരും. പ്ലാന്റില്‍ ഇനിയും തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹാരാഷ്ട്രാ വികാരം ആളിക്കത്തിച്ച് രാഹുലിന്റെ സവർക്കർ അധിക്ഷേപം: മുംബൈയില്‍ പ്രക്ഷോഭം ശക്തമാവുന്നു

By Live Kerala News Desk,

കോടതി അയോഗ്യനാക്കിയ പ്രതിഷേധങ്ങൾക്കിടെ മഹാരാഷ്ട്രാ വികാരം മാനിക്കാതെ വീര സവർക്കറെ അധിക്ഷേപിച്ചു കൊണ്ടുള്ള രാഹുലിന്റെ പ്രവൃത്തിക്കെതിരെ വിവിധ പാർട്ടികളിലെ നിരവധി നേതാക്കൾ രംഗത്തെത്തി. ഇത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ മുംബൈയിൽ രാഹുലിനെതിരെ പ്രക്ഷോഭം ശക്തമാകുമെന്നാണ് സൂചനകൾ.

സവര്‍ക്കര്‍ മഹാരാഷ്ട്ര വികാരമാണെന്നും ആരാധനാ മൂര്‍ത്തിയാണെന്നും പ്രകോപിപ്പിക്കരുതെന്നും രാഹുൽ ഗാന്ധിയോട് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടപ്പോള്‍ രാഹുൽ ഗാന്ധിയുടെ പരാമർശത്തെ അപലപിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ‘വീർ സവർക്കർ ഗൗരവ് യാത്ര’ സംഘടിപ്പിക്കുമെന്നാണ് അറിയിച്ചത്. വീരസാവർക്കാർ ഗൗരവ് യാത്രയെക്കുറിച്ച് ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സവർക്കറെ അപമാനിക്കുന്നവർക്കെതിരെ കടുത്ത പ്രതിഷേധമുണ്ടാകുമെന്ന് ഫഡ്നാവിസ് കൂട്ടിച്ചേര്‍ക്കുന്നു.

ആൻഡമാൻ സെല്ലുലാർ ജയിലിൽ 14 വർഷത്തോളം സവർക്കർ സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങൾ അനുഭവിച്ചു. നമുക്ക് ഈ കഷ്ടപ്പാടുകൾ വായിക്കാൻ മാത്രമേ കഴിയൂ. സവര്‍ക്കര്‍ ത്യാഗത്തിന്റെ പ്രതിരൂപമാണ്. രാഹുല്‍ ഗാന്ധിയ്ക്ക് താക്കീത് നല്‍കി ഉദ്ദവ് പറഞ്ഞു. സ്വപ്നത്തില്‍ പോലും രാഹുല്‍ ഗാന്ധിക്ക് സവര്‍ക്കര്‍ ആകാന്‍ സാധിക്കില്ലെന്നാണ് അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തത്. രാഹുലിന്റെ സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ രോഷം ശക്തമാവുകയാണെന്നാണ് ഈ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.

‘പ്രധാനമന്ത്രി ഭീരുവും അഹങ്കാരിയും’; മോദിക്കെതിരെ പ്രിയങ്ക

By Live Kerala News Desk,

ദില്ലി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിനെതിരെ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അധികാരത്തിന് പിന്നിൽ ഒളിച്ചിരിക്കുകയാണ്, അഹങ്കാരിയും ഭീരുവുമാണ് രാജ്യത്തിൻറെ പ്രധാനമന്ത്രിയെന്നും പ്രിയങ്ക തുറന്നടിച്ചു. ദില്ലിയിൽ രാജ്ഘട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച സങ്കൽപ് സത്യാഗ്രഹത്തിൽ സംസാരിക്കെവെയാണ് പ്രിയങ്ക മോദിക്കെതിരെ രൂക്ഷവിമർശനം നടത്തിയത്.

‘നരേന്ദ്ര മോദിയുടെ വിമർശിച്ചതിൻറെ പേരിൽ എന്നിക്കെതിരെയും കേസെടുക്കാം, ജയിലിലേക്ക് അയക്കാം. പക്ഷേ രാജ്യത്തിൻറെ പ്രധാനമന്ത്രി ഒരു ഭീരുവാണ് എന്നതാണ് സത്യം’. അഹങ്കാരിയായ ഭരണധികാരിയെ ജനം വച്ചുപൊറുപ്പിക്കില്ല, അതാണ് നമ്മുടെ രാജ്യത്തിൻറെ പാരമ്പര്യം. ബിജെപിയും മോദിയും ഒരാളെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. അദാനിക്ക് നിങ്ങൾ രാജ്യത്തിന്റെ മുഴുവൻ സമ്പത്തും നൽകുന്നത് എന്തിനാണ്?, അദാനിയുടെ പേര് കേൾക്കുമ്പോൾ നിങ്ങൾ പരിഭ്രാന്തരാകുന്നത് എന്തിനാണെന്നും പ്രിയങ്ക ചോദിക്കുന്നു.

പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങൾ മാത്രമാണ് രാഹുൽ ഗാന്ധി പാർലമെൻറിൽ ചോദിച്ചത്, അതിന് ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രി അധികാരമുപയോഗിച്ച് അടിച്ചമർത്തുകയാണ് ചെയ്യുന്നത്. ചോദ്യങ്ങൾ ചോദിക്കുന്നയാളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും എട്ടുകൊല്ലം അയോഗ്യനാക്കുന്നത് രാജ്യത്തിനും ജനാധിപത്യത്തിനും ഭൂഷണമല്ല.

കാലിഫോർണിയയിലെ ഗുരുദ്വാരയിൽ വെടിവയ്പ്പ്; രണ്ട് പേർക്ക് ഗുരുതര പരിക്ക്

By Live Kerala News Desk,

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ സാക്രമെന്റോ കൗണ്ടിയിലെ ഗുരുദ്വാരയിൽ രണ്ട് പേർക്ക് വെടിയേറ്റു. പരിക്കേറ്റ രണ്ടുപേരുടെയും നില അതീവഗുരുതരമാണെന്നാണ് വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് വെടിവയ്പ്പുണ്ടായത്. പരസ്പരം അറിയാവുന്ന ആളുകൾ തമ്മിൽ പ്രശ്‌നം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ അക്രമികളിൽ ഒരാൾ ഓടി രക്ഷപെട്ടു. മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ഗുരുദ്വാരയിൽ ചില ആഘോഷപരിപാടികൾ നടക്കുന്നതിനാൽ ധാരാളം ആളുകളും ഇവിടെ എത്തിയിട്ടുണ്ടായിരുന്നു. നാല് പേർ തമ്മിലാണ് വഴക്കുണ്ടായത്. ആദ്യം ഇവർ തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെടുകയും ഒടുവിൽ തോക്കെടുത്ത് വെടിവയ്ക്കുകയുമായിരുന്നെന്ന് സാക്രമെന്റോ കൗണ്ടി ഷെരീഫ് ഓഫീസ് വക്താവ് അമർ ഗാന്ധി പറഞ്ഞു. പരിക്കേറ്റവരും അക്രമിയും പരസ്പരം അറിയുന്നവരാണെന്നും, നേരത്തേയുള്ള പ്രശ്‌നത്തിന്റെ പേരിലാണ് വെടിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളം; ഇന്ന് കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദര്‍ശനം

By Live Kerala News Desk,

കൊച്ചി: അന്തരിച്ച ചലച്ചിത്ര താരവും എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് സാംസ്‌കാരിക കേരളം. ഇന്നസെന്റിന്റെ സംസ്‌കാരം നാളെ ഇരിങ്ങാലക്കുടയിൽ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. പൊതു ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി രാവിലെ എട്ടു മണി മുതൽ 11 മണി വരെ കൊച്ചി കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും.

തുടർന്ന് ഇന്നസെന്റിന്റെ ജന്മനാടായ ഇരിങ്ങാലക്കുടയിലെത്തിക്കുന്ന മൃതദേഹം, ഇരിങ്ങാലക്കുട ടൗൺഹാളിലും പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നുമണി വരെയാണ് ടൗൺ ഹാളിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാനായി വെക്കുക. തുടർന്ന് മൃതദേഹം വീട്ടിലെത്തിക്കും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രിയായിരുന്നു ഇന്നസെന്റിന്റെ മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായിരുന്നു. മാർച്ച് മൂന്ന് മുതൽ കൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

രാഹുലിനെ രക്തസാക്ഷിയാക്കാൻ നീക്കം; കോൺഗ്രസിന്റെ ലക്ഷ്യം കർണാടക തിരഞ്ഞെടുപ്പെന്ന് ബിജെപി

By Live Kerala News Desk,

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിലൂടെ പിന്നോക്ക സമുദായത്തെ അപമാനിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തതെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. വ്യാജ പ്രചാരണങ്ങളിലൂടെ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇപ്പോൾ രാഹുലിനെ രക്തസാക്ഷിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും രവിശങ്കർ പ്രസാദ് തുറന്നടിച്ചു.

നിങ്ങൾക്ക് ഒരാളെ വിമർശിക്കാനേ അവകാശമുളളൂ, അപമാനിക്കാൻ അവകാശമില്ല. രാഹുൽ ഗാന്ധി പിന്നോക്ക സമുദായക്കാരെ അപമാനിക്കുകയാണ് ചെയ്തത്. വാർത്താ സമ്മേളനത്തിൽ പോലും രാഹുൽ ഗാന്ധി തെറ്റായ പ്രസ്താവനകൾ നടത്താനാണ് ശ്രമിച്ചത്. യഥാർത്ഥ വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല. 2019 ലെ പ്രസംഗത്തിൽ നടത്തിയ പരാമർശത്തെ തുടർന്നാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. താൻ എന്തും ചിന്തിച്ച് മാത്രം സംസാരിക്കുന്നയാളാണ് എന്നാണ് രാഹുൽ അവകാശപ്പെടുന്നത്. 2019 ൽ നടത്തിയ പരാമർശം മനപ്പൂർവ്വമാണെന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും ബിജെപി എംപി വ്യക്തമാക്കി.

ലണ്ടനിൽ നടന്ന പ്രസംഗത്തിൽ താൻ ഒന്നും പറഞ്ഞില്ലെന്ന് രാഹുൽ ഗാന്ധി വീണ്ടും കള്ളം പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യം ദുർബലമായെന്നും യൂറോപ്യൻ രാജ്യങ്ങൾ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും ലണ്ടനിൽ അദ്ദേഹം പറഞ്ഞിരുന്നു. നുണ പറച്ചിൽ രാഹുലിന്റെ സ്വഭാവമായി മാറിയിരിക്കുകയാണ്. തന്റെ ഫോണിൽ പെഗാസസ് ഉണ്ടെന്ന് രാഹുൽ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ആവശ്യപ്പെട്ടപ്പോൾ എന്തുകൊണ്ടാണ് ഫോൺ പരിശോധിക്കാൻ കൊടുക്കാതിരുന്നത് എന്നും

കോവിഡ് വീണ്ടും ഉയരുന്നു; പതിനായിരം ഡോസ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം

By Live Kerala News Desk,

തിരുവനന്തപുരം: പതിനായിരം ഡോസ് കോവിഡ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. നിലവിൽ നാലായിരം ഡോസ് വാക്സിൻ കാലാവധി കഴിയാറായി ബാക്കിയുണ്ട്. ആവശ്യക്കാർ കുറ‍ഞ്ഞതിനാൽ ഇത് ഈ മാസം പാഴായിപ്പോകും.

നിലവിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇപ്പോൾ വാക്സിൻ എടുക്കുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ സർക്കാർ – സ്വകാര്യ മേഖലകളിൽ എല്ലാം കൂടി 170 പേർ കുത്തിവയ്പെടുത്തു. ഒരാഴ്ചയ്ക്കിടെ വാക്സിൻ സ്വീകരിച്ചത് 1081 പേർ.

4000 ഡോസ് കോവാക്സിനാണ് സ്റ്റോക്കുളളത്. ഇതിന്റെ കാലാവധി ഈ മാസം 31 നു കഴിയും. കോവിഷീൽഡ് വാക്സിൻ സർക്കാർ മേഖലയിൽ സ്റ്റോക്കില്ല. ഇതുവരെ രണ്ട് കോടി 91 ലക്ഷം പേർ ആദ്യ ഡോസ് വാക്സിനും രണ്ട് കോടി 52 ലക്ഷം പേർ രണ്ടാം ഡോസും എടുത്തു. ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് 30 ലക്ഷം പേർ മാത്രമാണ്.

ചില വിദേശ രാജ്യങ്ങളിൽ നിശ്ചിത ഡോസ് വാക്സിൻ എടുത്തിരിക്കണമെന്ന് നിർബന്ധമുളളതിനാൽ ആവശ്യക്കാർ ഇപ്പോഴും ഉണ്ട്. അതിനാൽ വാക്സിനേഷൻ സെന്ററുകൾ പൂർണമായും അടച്ചിടാനും കഴിയാത്ത അവസ്ഥയാണ്.

ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം അഴിച്ചുവിട്ട ഖാലിസ്ഥാൻവാദികളെ നാടുകടത്തണമെന്ന് ബ്രിട്ടനോട് ഇന്ത്യ; ദേശീയപതാകയെ അപമാനിച്ച പലരും ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവർ

By Live Kerala News Desk,

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം അഴിച്ചു വിട്ട ഖാലിസ്ഥാൻവാദികളെ നാടു കടത്തണമെന്ന ആവശ്യവുമായി ഇന്ത്യ. ആക്രമണത്തിൽ പ്രതികളായവരെ നാടുകടത്തണമെന്നാണ് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അക്രമികളിൽ പലരും ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവരാണ്. തങ്ങളെ ഇന്ത്യയിൽ വേട്ടയാടുകയാണെന്ന് ആരോപിച്ച് ബ്രിട്ടനിലേക്ക് അഭയം തേടിയവരും ഇക്കൂട്ടത്തിലുണ്ട്.

ഖാലിസ്ഥാൻ വാദത്തെ ശക്തമായി പിന്തുണയ്ക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ബ്രിട്ടൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും ക്ഷേത്രങ്ങൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് പിന്നില് ഇവരാണെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിൽ പങ്കെടുത്ത അവ്താർ ഖണ്ട വർഷങ്ങളായി ബ്രിട്ടനിൽ ജീവിക്കുന്ന ആളാണ്. ഹൈക്കമ്മീഷൻ കെട്ടിടത്തിന്റെ ബാൽക്കണിയിൽ കയറി ദേശീയപതാക വലിച്ച് താഴെയിട്ട ശേഷം ഇയാൾ ഖാലിസ്ഥാന്റെ പതാക ഉയർത്തിയിരുന്നു. ഖാലിസ്ഥാൻ വാദം ശക്തമായി ഉയർത്തുന്ന ആളാണ് അവ്താർ ഖണ്ട. രാഷ്ട്രീയമായ വേട്ടയാടൽ ആരോപിച്ച് വർഷങ്ങൾക്ക് മുൻപാണ് ഇയാൾ ബ്രിട്ടനിലേക്ക് കുടിയേറുന്നത്. ഇയാളെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംസ്ഥാനത്ത് കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു

By Live Kerala News Desk,

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളെപോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ കള്ള് ഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ തീരുമാനമുണ്ടാകുക. ഐടി പാർക്കുകളിലെ മദ്യകച്ചവടം ബാറുടമകള്‍ക്ക് നൽകില്ല.

കള്ളുഷോപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്നാണ് എക്സൈസിന്റെ ശുപാർശ. പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമില്ല. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ക്ലാസിഫിക്കേഷൻ മദ്യനയത്തിലെ കരടിൽ ഉള്‍പ്പെടുത്തിയത്. ബാറുകളിലെ ക്ലാസിഫിക്കേഷൻ നൽകുന്നത് പോലെ കള്ള് ഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷൻ വരും. അതായത് ഇനി മുതൽ കള്ള് ഷാപ്പുകൾക്കും സ്റ്റാർ പദവി വരും. ഷാപ്പുകൾ കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ ലൈൻ വഴിയാക്കും. നിലവിൽ കളക്ടർമാരുടെ സാധ്യത്തിൽ നറുകിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാർക്ക് നൽകുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാൻ ടോഡി ബോർഡ് കഴിഞ്ഞ മദ്യനയത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്.

ഒരു തെങ്ങിൽ നിന്നും നിലവിൽ രണ്ട് ലിറ്റ‍ർ കള്ള് ചെത്താനാണ് അനുമതി. അളവ് കൂട്ടാൻ അനുമതി വേണമെന്ന ചെത്ത് തൊഴിലാളികളുടെ ആവശ്യം പഠിക്കാൻ സമിതിയെ വെക്കാനും നയത്തിൽ തീരുമാനമുണ്ടാകും. ഐടി പാർക്കുകളിലെ മദ്യവിൽപ്പനയായിരുന്നു കഴിഞ്ഞ നയത്തിലെ പ്രധാന ശുപാർശ. പക്ഷേ മദ്യവിൽപ്പന ആരു നടത്തുമെന്ന കാര്യത്തിലായിരുന്ന തർക്കം. ഐടി പാർക്കുകളിലെ ബാറ് നടത്തിപ്പ് നിലവിൽ ബാറുകള്‍ നടത്തിയ പരിചയമുള്ള അബ്കാരിക്ക് നൽകണമെന്ന ചർച്ചയും ഉയർന്നിരുന്നു. ഒടുവിൽ ഐടി പാർക്കിലെ ക്ലബുകൾക്ക് തന്നെ ബാ‌ർ നടത്തിപ്പിൻ്റെ ചുമതല നൽകാനാണ് തീരുമാനം.

രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കണമെന്ന പരാതിയിൽ നിയമോപദേശം തേടി ലോക്സഭാ സ്പീക്കർ

By Live Kerala News Desk,

ന്യൂഡൽഹി: മോദി സമുദായത്തെ അവഹേളിച്ച കേസിലെ വിധിക്ക് പിന്നാലെ രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കണമെന്ന പരാതിയിൽ നിയമോപദേശം തേടി ലോക്സഭാ സ്പീക്കർ ഓം ബിർള. കോടതി ഉത്തരവ് സ്പീക്കർ വിലയിരുത്തും. രാഹുൽ ഗാന്ധിയെ സഭയിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ വ്യാഴാഴ്ച സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ നീക്കം.

അതേസമയം, ഇന്ന് പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുടെ യോ​ഗം വിളിച്ചുചേർത്തിട്ടുണ്ട്. കോടതി വിധിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് കോൺ​ഗ്രസിന്റെ തീരുമാനം. മാനനഷ്ടക്കേസിൽ സൂറത്തിലെ കോടതി ഇന്നലെയാണ് രാഹുൽ ഗാന്ധിയ്ക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. മോദിയെന്ന പേര് കള്ളമാർക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമർശത്തിനെതിരായ കേസിലാണ് സിജെഎം കോടതിയുടെ വിധി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ഇടക്കാല ജാമ്യവും അനുവദിച്ചിട്ടുണ്ട്.

ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാൻ ഒരു വർഷം കൂടി അവസരം, സമയപരിധി ദീർഘിപ്പിച്ച് കേന്ദ്രം

By Live Kerala News Desk,

രാജ്യത്ത് ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ഒരു വർഷത്തേക്കാണ് ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്രസർക്കാർ നീട്ടിയത്. ഇതോടെ, 2024 മാർച്ച് 31 വരെ ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള അവസരമുണ്ട്. ഇവ രണ്ടും ബന്ധിപ്പിക്കുന്നതിന്റെ അവസാന തീയതി 2023 ഏപ്രിൽ ഒന്നായിരുന്നു. ഈ പരിധി അവസാനിക്കാനിരിക്കുകയാണ് കേന്ദ്രം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായാണ് ആധാർ കാർഡും വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത്. ഇതോടെ, ഒന്നിലധികം മണ്ഡലങ്ങളിലോ, ഒരേ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് വരുന്നതോ തടയാൻ സാധിക്കും. യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം പൗരന്മാർക്ക് ആധാർ കാർഡും, വോട്ടർ ഐഡിയും ബന്ധിപ്പിക്കാവുന്നതാണ്.

ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക്: ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു

By Live Kerala News Desk,

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക് അബുദാബിയിൽ. പാർക്കിന്റെ ഉദ്ഘാടന തീയതി അബുദാബി പ്രഖ്യാപിച്ചു. മെയ് 23 നാണ് പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. മൃഗങ്ങളുമായി അടുത്തിടപഴകാനും സവാരികൾക്കും വിനോദത്തിനും ഷോപ്പിംഗിനുമൊക്കെയുള്ള സൗകര്യങ്ങൾ പാർക്കിലുണ്ട്.

അബുദാബിയിലെ യാസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന മറൈൻ ലൈഫ് തീം പാർക്കിൽ 150 ഇനം പക്ഷികൾ, മത്സ്യങ്ങൾ, സസ്തനികൾ, ഉരഗങ്ങൾ എന്നിവയും 100,000 കടൽ ജീവികളുമുണ്ടാകും.

ഓരോ മേഖലകളിലെയും മൃഗങ്ങളുടെ ആവാസ വ്യവസ്ഥകൾ അത്യാധുനിക സാങ്കേതിക വിദ്യയും മൃഗക്ഷേമത്തിനുള്ള ഉയർന്ന നിലവാരവും ഉപയോഗിച്ചാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലുതും വിസ്തൃതി ഉള്ളതുമായ മൾട്ടി സ്പീഷീസ് അക്വേറിയം ആണ് ഇവിടെയുള്ളത്. 25 ദശലക്ഷത്തിലധികം ലിറ്റർ വെള്ളം ഈ അക്വേറിയത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

‘മിഷൻ അരിക്കൊമ്പൻ’; ചിന്നക്കനാലിൽ രണ്ടുദിവസം നിരോധനാജ്ഞ

By Live Kerala News Desk,

കുമളി: ഇടുക്കിയിൽ ഭീതി വിതച്ച കാട്ടാന അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യത്തിന്റെ ഭാഗമായി ഞായർ, തിങ്കൾ ദിവസങ്ങളിൽ ചിന്നക്കനാൽ പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയുടെ ഭാഗമായി ആരാധനാലയങ്ങളിൽ എത്തുന്ന വിശ്വാസികൾക്കും നിയന്ത്രണമേർപ്പെടുത്തുമെന്ന് പഞ്ചായത്ത് അറിയിച്ചു.

അതിനിടെ അരിക്കൊമ്പനെ പിടികൂടാനുള്ള സംഘത്തിലെ രണ്ടു കുങ്കിയാനകൾ നാളെ വയനാട്ടിൽ നിന്നും തിരിക്കും. കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളാണ് ഇനി എത്താനുള്ളത്. കുങ്കിയാനകൾ എത്താൻ വൈകിയതിനെ തുടർന്ന് അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം മാർച്ച് 26ലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെ നാലിന് മയക്കു വെടി വെയ്ക്കാനാണ് പുതിയ തീരുമാനം. ഇതിന് മുന്നോടിയായി 25ന് മോക് ഡ്രിൽ നടത്തും.

ചിന്നക്കനാലിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. 301 കോളനിയിൽ വെച്ചാണ് ദൗത്യം നടപ്പാക്കുക. അതിനാൽ ഇവിടെ നിന്നും ആളുകളെ മാറ്റുന്നതും അധികൃതർ പരിഗണിക്കുന്നുണ്ട്. അരിക്കൊമ്പനെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മൂന്നാർ വൈൽഡ് ലൈഫ് ഡോർമറ്ററിയിൽ യോഗം നടന്നിരുന്നു.

യോഗത്തിൽ അരിക്കൊമ്പനെ പിടികൂടുമ്പോൾ മേഖലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ചർച്ച ചെയ്തു. ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസിൽവേറ്റർ അരുൺ ആർ എസ് ഡി എഫഒ രമേഷ് ബിഷ്‌ണോയ്, ജനപ്രതിനിധികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

കോളനിയിൽ ഡമ്മി റേഷൻകട സജ്ജമാക്കി ഒറ്റയാനെ കെണിവെച്ച് പിടിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇവിടെ കഞ്ഞി വെച്ച് ആൾതാമസമുണ്ടെന്ന സാഹചര്യം ഒരുക്കും. ഇവിടേക്ക് അരിക്കൊമ്പൻ എത്തിയാൽ മയക്കുവെടി വെച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുകയാണ് ലക്ഷ്യം.

മയക്കുവെടി വെച്ച് പിടികൂടുന്ന ആനയെ കോടനാട്ടുള്ള ആനസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കോടനാടേക്ക് കൊണ്ടുപോകുന്ന വഴിയിൽ ഗതാഗതം നിയന്ത്രിക്കും. ദൗത്യത്തിനായി 71 പേരടങ്ങുന്ന 11 ടീമുകളെയാണ് വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള കൊമ്പൻ ഇതുവരെ 12ൽ അധികം ആളുകളെ കൊന്നിട്ടുണ്ട്.