വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി അഭ്യൂഹം; മേപ്പാടി തോട്ടം മേഖലയിലാണ് അജ്ഞാത സംഘത്തിനെ കണ്ടെത്തിയതായുള്ള വിവരം

കല്‍പറ്റ: ചെറിയ ഇടവേളയ്ക്ക് ശേഷം വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം? മേപ്പാടി മുണ്ടക്കൈയില്‍ ആറുപേരടങ്ങിയ മാവോവാദി സംഘമെത്തിയതായാണ് വിവരം. തോട്ടം മേഖലയായ മുണ്ടക്കൈയില്‍ ജോലിക്കുപോകുന്ന തൊഴിലാളികളുമായി സംഘം സംസാരിച്ചു. രാവിലെ എട്ടുമണിയോടെയാണ് മാവോവാദികളെത്തിയതെന്ന് പോലീസ് പറഞ്ഞു. തൊഴിലാളികളോട് ജോലിസംബന്ധിച്ച വിവരങ്ങള്‍ മാവോവാദി സംഘം ചോദിച്ചറിഞ്ഞു. ഉച്ചക്ക് മൂന്നുമണിവരെ മാത്രമേ ജോലി ചെയ്യാവൂ. തൊഴിലാളി ചൂഷണത്തിനെതിരെ ഞങ്ങള്‍ക്കൊപ്പം സായുധ സമരത്തിന് അണിചേരണമെന്ന് അവര്‍ പറഞ്ഞതായി തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞു. കല്‍്പറ്റ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. നിലമ്പൂര്‍ വനമേഖലയില്‍ നിന്നും പെട്ടെന്ന് എത്തിപ്പെടാവുന്ന സമയമാണ് മുണ്ടക്കൈ. നിലമ്പൂരില്‍ കണ്ട മാവോവാദി സംഘം തന്നെയാകാം ഇവിടെയുമെത്തിയതെന്നാണ് പോലീസിന്റെ നിഗമനം. മുന്‍ കാലങ്ങളില്‍ മാവോവാദി സാന്നിധ്യം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശമാണിത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതുസംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്നാണറിയുന്നത്.

© 2024 Live Kerala News. All Rights Reserved.