റഷ്യ ഐഎസിനെ വിടില്ല; അന്തര്‍വാഹിനിയില്‍ നിന്ന് റഷ്യയുടെ മിസൈല്‍ ഐഎസ് കേന്ദ്രത്തിലേക്ക് കുതിച്ചു; നടപടിയില്‍ അമേരിക്കയ്ക്ക് അതൃപ്തി

മോസ്‌ക്കോ: അമേരിക്കയെപോലെ ഒരേസമയം രണ്ട് നിലപാട് സ്വീകരിക്കുന്നവരല്ല തങ്ങളെന്ന് റഷ്യയെപ്പോഴും അഭിപ്രായപ്പെടാറുണ്ട്. ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെ അന്തര്‍വാഹിനിയില്‍ നിന്ന് മിസൈല്‍ ആക്രമണം നടത്തിയിരിക്കുകയാണിപ്പോള്‍ റഷ്യ. മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ നങ്കൂരമിട്ടിരിക്കുന്ന റോസ്‌ടോവ് ഓണ്‍ ഡോണ്‍ എന്ന അന്തര്‍വാഹിനിയില്‍ നിന്നാണ് ആക്രമണം. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് അന്തര്‍വാഹിനിയില്‍ നിന്ന് മിസൈല്‍ ആക്രമണം നടത്തുന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ഗേ ഷോയ്ഗുവാണ് വിവരം പുറത്ത് വിട്ടത്. കനത്ത നാശനഷ്ടങ്ങള്‍ വരുത്താന്‍ ആക്രമണത്തിലൂടെ കഴിഞ്ഞതായി പ്രതിരോധ മന്ത്രി അവകാശപ്പെട്ടു. ആയുധ സംഭരണ ശാലകള്‍, എണ്ണ പ്ലാന്റുകള്‍ എന്നിവയായിരുന്നു ലക്ഷ്യം. ഐഎസിനെ തകര്‍ക്കാന്‍ റഷ്യ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ സൂചനയാണിത്. ഐഎസിനെതിരെയുള്ള റഷ്യയുടെ ആക്രമണ പദ്ധതികള്‍ അമേരിക്ക,ഇസ്രേയല്‍ എന്നീ രാജ്യങ്ങളെ അറിയിച്ചതായി പ്രതിരോധ മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ അവസാനത്തോടെയാണ് സിറിയയില്‍ യുദ്ധ വിമാനം ഉപയോഗിച്ചുള്ള ആക്രമണം റഷ്യ ശക്തമാക്കിയത്. എന്നാല്‍, നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് റഷ്യ ആക്രമണം നടത്തുന്നതെന്ന് പറഞ്ഞ് അമേരിക്ക രംഗത്തുന്നതിന് പിന്നാലെയാണ് റഷ്യ വീണ്ടും ഐഎസിനെതിരെയുള്ള യുദ്ധം ശക്തമാക്കിയത്. സിറിയന്‍ സര്‍ക്കാരിനെതിരെ പോരാടുന്ന എല്ല് ഗ്രൂപ്പുകളെയും സാധാരണക്കാരെയും ലക്ഷ്യം വയ്ക്കുന്ന രീതിയിലാണ് റഷ്യ ആക്രമണം നടത്തുന്നതായി അമേരിക്ക ആരോപിച്ചു. ഇതിനിടെയാണ് റഷ്യന്‍ യുദ്ധ വിമാനം അതിര്‍ത്തി കടന്നുവെന്നാരോപിച്ച് തുര്‍ക്കി വെടിവെച്ച് വീഴ്ത്തിയത്. പത്തുവര്‍ഷത്തിനിടെ മധ്യേഷ്യയില്‍ റഷ്യ നടത്തുന്ന ഏറ്റവും വലിയ സായുധ ഇടപെടലാണ് സിറിയയിലേത്. ഐഎസിനെ ഉന്‍മൂലനം ചെയ്യാനുള്ള ശക്തി അമേരിക്കയെപ്പോലെതന്നെ റഷ്യയ്ക്കുമുണ്ട്.

© 2024 Live Kerala News. All Rights Reserved.